ബാഹുബലി 2നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം

ഇന്ത്യന്‍ സിനിമാ മേഖലയില്‍ത്തന്നെ നിലവില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് രാജമൗലിയുടെ (SS Rajamouli) 'ആര്‍ആര്‍ആര്‍' (RRR). ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍. പുതുവര്‍ഷ രാവില്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 'രാമം രാഘവം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ സംസ്‍കൃതത്തിലാണ്. കെ ശിവ ദത്തയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. വിജയ് പ്രകാശ്, ചന്ദന ബാല കല്യാണ്‍, ചാരു ഹരിഹരന്‍ എന്നിവരാണ് പാടിയിരിക്കുന്നത്.

അതേസമയം ബാഹുബലി 2നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന് ഇത്രയും ഹൈപ്പ് നേടിക്കൊടുത്തത്. തെലുങ്ക് സിനിമയ്ക്കു തന്നെ ഭാഷാതീതമായി പുതിയ പ്രേക്ഷകരെ നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു ബാഹുബലി. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം.