വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം

വൈസ് കിംഗ് മൂവീസിന്റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജകന്യക എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം പാളയം കത്തീഡ്രലിൽ വച്ച് നടന്നു. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര ആലപിച്ച മേലെ വിണ്ണിൽ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അരുൺ വെൺപാലയാണ്. ഓഡിയോ റിലീസിന്റെ സ്വിച്ച് ഓൺ കർമ്മം നടനും സംവിധായകനുമായ മധുപാൽ നിർവഹിച്ചു. ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഈ ഗാനം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഓഡിയോ ലിങ്ക് വൈസ് കിംഗ് മൂവീസിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്

ആത്മീയ രാജൻ, രമേഷ് കോട്ടയം, ചെമ്പിൽ അശോകൻ, ഭഗത് മാനുവൽ, മെറീന മൈക്കിൾ, ഷാരോൺ സാഹിം, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ്, ഡിനി ഡാനിയേൽ, ജയ കുറുപ്പ്, അഷറഫ് ഗുരുക്കൾ, ജി കെ പന്നാംകുഴി, ഷിബു തിലകൻ, ടോം ജേക്കബ്, മഞ്ചാടി ജോബി, ബേബി, മേരി തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

നല്ല സിനിമകളെ എന്നും നെഞ്ചോട് ചേർത്തു വെച്ചിട്ടുള്ള മലയാളികൾക്ക് എന്നും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു അത്ഭുത ചിത്രം തന്നെയായിരിക്കും രാജകന്യകയെന്ന് അണിയറക്കാര്‍ പറയുന്നു. ഒരേസമയം കുടുംബ പ്രേക്ഷകര്‍ക്കും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഫാന്റസി ത്രില്ലർ വിഭാഗത്തിലാണ് രാജകന്യക ഒരുക്കിയിരിക്കുന്നത്. മികച്ച 4 കെ ഡോൾബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യാനുഭവത്തിൽ സംഗീതവും ആക്ഷൻ രംഗങ്ങളും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്നും അണിയറക്കാര്‍ പറയുന്നു. ജൂലൈ ആദ്യവാരം റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം ആദ്യം കേരളത്തിലും തുടർന്ന് മറ്റു ഭാഷകളിലും ആയി ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ്. പി ആർ ഒ- എ എസ് ദിനേശ്.

Rajakanyaka-Mele Vinnil | K S Chithra, Arun Venpala, Athmiya Rajan, Victor Adam| #rajakanyaka