ഹിന്ദി സിനിമാപ്പാട്ടുകളുടെ ചരിത്രത്തിൽ ഒരു ശബ്ദമുണ്ട്. ദൈവത്തിന്‍റെ ശബ്ദം എന്ന് അറിയപ്പെട്ടിരുന്ന ഒന്ന്‌. ഏത് ഭാവവും അനായാസം പകരാൻ കഴിഞ്ഞിരുന്ന, ആത്മാവിൽ നിന്ന് പുറപ്പെട്ടിരുന്ന ഒരു അപൂർവ്വസുന്ദരസ്വരം. ആ ശബ്ദത്തിന്‍റെ ഉടമയുടെ പേര്, മുഹമ്മദ് റഫി. റഫിയുടെ സ്വരം നിലച്ചിട്ട് ഇന്നേക്ക് 39 വർഷം തികയുകയാണ്. അമൃത്സറിലെ ഒരു ഗ്രാമത്തിൽ ജനിച്ച്, ഒരു ക്ഷുരകന്‍റെ മകനായി ലാഹോറിൽ വളർന്ന 'ഫീക്കോ' എന്ന കൊച്ചുപയ്യൻ, പിൽക്കാലത്ത് ലോകമറിയുന്ന ഹിന്ദി പിന്നണിഗായകൻ മുഹമ്മദ് റഫി ആയതിനു പിന്നിൽ വലിയൊരു കഥ തന്നെയുണ്ട്. 
 
1924 ഡിസംബർ 24-ന് അലി മുഹമ്മദിന്‍റെ ആറുമക്കളിൽ രണ്ടാമത്തവനായി പഞ്ചാബിലായിരുന്നു റഫിയുടെ ജനനം. 'കോട്ട്ലാ സുൽത്താൻ സിംഗ് 'എന്ന തന്‍റെ ഗ്രാമത്തിലെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഒരു ഫക്കീറിന്‍റെ പാട്ട് ഏറ്റുപാടിക്കൊണ്ടാണ് റഫി ആദ്യമായി പാട്ടുതുടങ്ങുന്നത്. അധികം താമസിയാതെ അച്ഛൻ ലാഹോറിലേക്ക് കുടിയേറി, അവിടെ ഒരു ബാർബർ ഷോപ്പ് തുറന്നു. പാട്ടിൽ കമ്പം കാണിച്ച മകനെ അച്ഛൻ ഉസ്താദ് അബ്ദുൽ വാഹിദ് ഖാന്‍റെ കീഴിൽ സംഗീതം അഭ്യസിപ്പിച്ചു. അധികനാൾ അദ്ദേഹത്തിന് ശാസ്ത്രീയസംഗീതം അഭ്യസിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. പിന്നീട് റഫി സ്വപ്രയത്നം കൊണ്ട് വളർത്തിയെടുത്തതാണ് അദ്ദേഹത്തിന്‍റെ ആലാപനശൈലി. പതിമൂന്നാമത്തെ വയസ്സിൽ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ്. അത് സൈഗാളിന്‍റെ ഒരു പാട്ടായിരുന്നു. പിന്നീട് ചില പഞ്ചാബി സിനിമകളിലും ലാഹോർ റേഡിയോയിലും മറ്റും പാടി. 

1944-ൽ മുംബൈയിലേക്ക് കുടിയേറി റഫി. അവിടെ ഭീണ്ടി ബസാർ എന്ന തിരക്കേറിയ ഇടത്തിൽ ഒരു കുടുസ്സുമുറി വാടകയ്‌ക്കെടുത്ത് കൂടി. പിന്നെ അവസരമന്വേഷിച്ച് സ്റ്റുഡിയോകൾ കേറിയിറങ്ങുകയായി. പട്ടിണിയുടെയും പരിവട്ടത്തിന്‍റെയും നാളുകൾക്കൊടുവിൽ ആദ്യ അവസരം കൈവരുന്നു. 'ആജ് ഹോ ദിൽ കാബൂ മേം തോ ദിൽദാർ കി ഐസി തൈസി..' എന്ന ഗാനമായിരുന്നു റഫിയുടെ ശബ്ദത്തിൽ ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ട ഹിന്ദി പാട്ട്. ചിത്രം 'ഗാവ് കി ഗോരി' എന്നാൽ അത് കോറസ് ആയിരുന്നു.  പിന്നെ നൗഷാദുമൊത്തുള്ള ആദ്യഗാനം, 'ഹിന്ദുസ്ഥാൻ കെ ഹം ഹേ..' വരുന്നു. 1945-ൽ 'ഗാവ് കി ഗോരി' പുറത്തിറങ്ങുമ്പോഴേക്കും ഒരു പാട്ടുകൂടി റഫിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു, ' ആജ് ദിൽ ഹോ കാബൂ മേം.. '. ഏറെ ആരാധിച്ചിരുന്ന കെ എൽ സൈഗാളിന്‍റെയും ജിഎം ദുറാനിയുടെയും ശൈലികളിൽ നിന്നുമാണ് റഫി സ്വന്തമായ ഒരു ആലാപനം പിന്നീട് വികസിപ്പിച്ചെടുക്കുന്നത്. 

നൗഷാദ് റഫിയെപ്പറ്റി പറഞ്ഞിരുന്ന ഒരു പഴങ്കഥയുണ്ട്. ഒരിക്കൽ തൂക്കുമരത്തിലേറാൻ വിധിക്കപ്പെട്ട ഒരു പ്രതിയോട് ജയിലധികൃതർ അയാളുടെ അന്തിമാഭിലാഷം എന്തെന്ന് ചോദിച്ചത്രേ. അയാൾ ആരെയും കാണണമെന്നോ അല്ലെങ്കിൽ എന്തെങ്കിലും തിന്നാൻ വേണമെന്നോ ഒന്നുമല്ല പറഞ്ഞത്. അയാൾ പറഞ്ഞു," മരിക്കും മുമ്പ് എനിക്കെന്‍റെ  ഇഷ്ടഗാനം ഒരു വട്ടം കൂടി കേൾക്കണം..". ബൈജു ബാവ്‌റയിലെ 'ഓ ദുനിയാ കെ രഖ് വാലേ'  എന്ന പാട്ടായിരുന്നു അത്. " രഖ് വാലേ... രഖ് വാലേ.. രഖ് വാലേ..." എന്ന് പാടിച്ച് നൗഷാദ് റഫിയുടെ ശബ്ദത്തെ എത്തിച്ച ഉയരങ്ങളിൽ ഒരു പക്ഷേ ചുരുക്കം ചിലർക്കുമാത്രമേ ഏത്താൻ സാധിക്കുകയുള്ളൂ. 

 
ഈ ഗാനം റഫിയിലേക്ക് എത്തിയതിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. റഫി വരും മുമ്പ് തലത് മഹ്‌മൂദ്‌ ആയിരുന്നു നൗഷാദിന്‍റെ പ്രിയഗായകൻ. റെക്കോർഡിങ്ങിനിടയിൽ പല കടുംപിടുത്തങ്ങളുണ്ടായിരുന്നു നൗഷാദിന്. തനിക്കിഷ്ടമില്ലാത്ത രീതിയിൽ ഗായകർ പെരുമാറിയാൽ പിന്നെ സ്റ്റുഡിയോയുടെ ഏഴയലത്ത് അടുപ്പിക്കില്ല. ഒരു റെക്കോർഡിങ്ങിനിടയിൽ തലത് മഹ്‌മൂദ്‌ ഒരു സിഗരറ്റു വലിച്ചതാണ് അദ്ദേഹത്തെ നൗഷാദിന്‍റെ സ്റ്റുഡിയോയിൽ നിന്നും വെളിയിലാക്കിയത്. ബൈജു ബാവ്‌റ എന്ന ചിത്രത്തിലെ പാട്ടുകൾ റെക്കോർഡ് ചെയ്യുന്ന സമയമായിരുന്നു. തലത്തിനെക്കൊണ്ട് പാടിക്കില്ല എന്ന് നൗഷാദ് ശഠിച്ചതോടെ, പകരം പാടാൻ ഭാഗ്യമുണ്ടായത്  റഫിക്കായിരുന്നു 

സോളോ പാടാൻ അവസരം കിട്ടും മുമ്പ്, റഫി നൗഷാദിന്റെ സ്റ്റുഡിയോയിൽ കോറസ് പാടാൻ ചെല്ലുമായിരുന്നു. ഒരു ദിവസം എന്തോ കാരണത്താൽ റെക്കോർഡിങ് റദ്ദാക്കപ്പെട്ടു. റെക്കോർഡിങ്ങിനു വന്നവരൊക്കെ തിരിച്ചുപോയിട്ടും റഫി മാത്രം പോയില്ല. കാരണം തിരക്കിയ നൗഷാദിനോട് മടിച്ചുമടിച്ച് റഫി മറുപടി പറഞ്ഞു, " നൗഷാദ് സാബ്.. ഇങ്ങോട്ട് വരാനുള്ള ഒരു രൂപ എന്‍റെ കയ്യിൽ ഉണ്ടായിരുന്നു. റെക്കോർഡിങ് നടന്നാൽ പ്രതിഫലം കിട്ടുമല്ലോ എന്ന് കരുതിയാണ് വന്നത്. തിരിച്ചു പോകാനുള്ള പണമില്ല കയ്യിൽ.." 
നൗഷാദ് ഉടൻ തന്നെ തന്‍റെ കുർത്തയുടെ പോക്കറ്റിൽ കയ്യിട്ട് റഫിക്ക് ഒരു രൂപയുടെ ഒരു നാണയം എടുത്തുനൽകി. എന്നാൽ റഫി അത് ചെലവാക്കിയില്ല. കോറസ് പാടാൻ വന്ന റഫി എന്ന യുവാവിൽ നിന്നും മുഹമ്മദ് റാഫി എന്ന വിശ്വപ്രസിദ്ധനായ ഗായകനായപ്പോഴും സ്വന്തം  വീട്ടുചുവരിൽ ഈ ഒരുരൂപാ നാണയം ചില്ലിട്ടു സൂക്ഷിച്ചിരുന്നു റഫി സാബ്.

എസ് ഡി ബർമൻ റാഫിയെ ദേവ് ആനന്ദിന്‍റെയും ഗുരു ദത്തിന്‍റെയും ഒക്കെ ശബ്ദമാക്കി. 37 ചിത്രങ്ങളിൽ അവർ ഒന്നിച്ചു. പ്യാസാ, കാഗസ് കെ ഭൂൽ, തേരേ  ഘർ കെ സാംനെ, ഗൈഡ്, അഭിമാൻ എന്നിങ്ങനെ എത്രയോ ഹിറ്റ് ചിത്രങ്ങൾ. ശങ്കർ ജയ് കിഷനോടൊത്തും നിരവധി ഹിറ്റ് ഗാനങ്ങൾ വന്നു. പലതും ഷമ്മി കപൂറിനും രാജേന്ദ്ര കപൂറിനും വേണ്ടി. 'ബഹാരോം ഫൂൽ ബർസാവോ, ദിൽ കെ ഝരോകെ മേം, ചാഹേ കോയി മുഝേ ജംഗ്‌ലി കഹേ തുടങ്ങിയ പല ഹിറ്റുകളും അവയിൽ പെടും. ഷറാറത്ത് എന്ന ചിത്രത്തിനുവേണ്ടി കിഷോർ കുമാറിനുവേണ്ടിപ്പോലും റഫിയെക്കൊണ്ട്‌ പാടിച്ചു ശങ്കർ ജയ് കിഷൻമാർ. ഈ ജോഡിക്കുവേണ്ടി റഫി ആകെ 341  ഗാനങ്ങൾ ആലപിക്കുകയുണ്ടായി. 

അറുപതുകളിലാണ് റഫിയും ബോംബെ രവിയും തമ്മിലുള്ള മനോഹരമായ ബന്ധം തുടങ്ങുന്നത്. ആദ്യത്തെ ഹിറ്റ് പാട്ട് 'ചൗധ്‌വി കാ ചാന്ദ്' എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് ആയിരുന്നു. രവിക്ക് വേണ്ടി റഫി പാടിയ ഗാനങ്ങളിൽ ഛൂ ലേനേ ദോ.., യേ സുൽഫ് അഗർ ഖുൽകെ,ഭരീ ദുനിയാ മേം, ബാർ ബാർ ദേഖോ തുടങ്ങിയവ പ്രസിദ്ധമാണ്.മദൻ മോഹൻ ആണ് റഫിക്ക് അനശ്വരഗാനങ്ങൾ നൽകിയ മറ്റൊരു സംഗീത സംവിധായകൻ. അവരൊത്തുള്ള തേരി ആംഖോം കെ സിവാ, യേ ദുനിയാ യേ മെഹ്ഫിൽ, മേരി ആവാസ് സുനോ, തും ജോ മിൽ ഗയെ ഹോ തുടങ്ങിയ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. 
 


ഒപി നയ്യാരുമൊത്തുള്ള ഗാനങ്ങളും റഫി അവിസ്മരണീയമാക്കി. " റഫി എന്നൊരു ഗായകനില്ലായിരുന്നു എങ്കിൽ, നയ്യാർ എന്നൊരു സംഗീത സംവിധായകനും ഉണ്ടാകുമായിരുന്നില്ല. ' എന്ന് ഒരിക്കലൊരു അഭിമുഖത്തിൽ നയ്യാർ പറഞ്ഞിട്ടുണ്ട്. യേ ഹേ ബോംബെ മേരി ജാൻ, ഉഡേ ജബ് ജബ് സുൽഫേം തേരി, തുംസാ നഹി ദേഖാ, ദീവാന ഹുവാ ബാദൽ, ഇഷാരോം ഇഷാരോം മേം, യൂം തോ ഹംനെ, ജവാനിയാം യെ മസ്ത്, താരീഫ് കരൂം ക്യാ.. തുടങ്ങിയ ഗാനങ്ങൾ ഏറെ ജനപ്രിയമായി.  

അതുപോലെതന്നെ ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഒരു കൂട്ടുകെട്ടായിരുന്നു റാഫിയുടെ 'ലക്ഷ്മികാന്ത്-പ്യാരേലാലു'മൊത്തുള്ളതും. 1964-ൽ പുറത്തിറങ്ങിയ ദോസ്തി എന്ന ചിത്രത്തിനുവേണ്ടി അവർ ഒന്നിച്ച 'ചാഹൂംഗാ മേം തുഝേ..' എന്ന ഗാനം ഇരുവർക്കും അക്കൊല്ലത്തെ ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. ലക്ഷ്മികാന്ത്-പ്യാരേലാലിനുവേണ്ടി 388  പാട്ടുകൾ റഫി പാടിയിട്ടുണ്ട്. അതിൽ ദർദ്-എ-ദിൽ, ആജ് മൗസം ബഡാ, യേ രേഷ്മി സുൽഫേം, ഛല്‍കാ യേ ജാം, പത്ഥർ കെ സനം, ഖിലോനാ ജാൻകർ തും, ന തൂ സമീൻ കെ ലിയേ തുടങ്ങിയ ഗാനങ്ങൾ പ്രസിദ്ധമാണ്. കല്യാൺജി ആനന്ദ്ജി ജോഡികൾക്കു വേണ്ടിയും റാഫി ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട്. പർദേസിയോം സെ ന അഖിയാ മിലാനാ, യൂം ഹി തും മുഝ്‌സെ ബാത്, നാ നാ കർത്തെ പ്യാർ തുമീ സെ, സുഖ് കെ സബ് സാഥി,  തുടങ്ങിയ ഗാനങ്ങൾ സുന്ദരഗാനങ്ങളും അതിൽ പെടും.  

ആർക്കുവേണ്ടിയാണോ പാടുന്നത് അതിനനുസരിച്ച് തന്‍റെ സ്വരത്തിലെ ഊർജ്ജനില വ്യത്യസ്തമാക്കി നിർത്താൻ റഫിക്ക് സാധിച്ചിരുന്നു  എന്നതാണ് അദ്ദേഹത്തിന്‍റെ പാട്ടിന്‍റെ മറ്റൊരു പ്രത്യേകത. ദിലീപ് കുമാറിന് വേണ്ടി പാടുമ്പോഴുള്ള ഊർജ്ജമല്ല, ഷമ്മിക്കുവേണ്ടി പാടുമ്പോൾ ഉള്ളത്, അതിൽ നിന്നും വ്യത്യസ്തമായ ഭാവമായിരുന്നു ജൂബിലി സ്റ്റാർ രാജേന്ദ്രകുമാറിന് സ്വരം നൽകുമ്പോൾ. ഋഷി കപൂറിന്, ജിതേന്ദ്രയ്ക്ക്, ശശി കപൂറിന്, അമിതാഭ് ബച്ചന് ഒക്കെ വെവ്വേറെ തലങ്ങളിൽ അദ്ദേഹം പാടി.

പിന്നണിഗാനങ്ങളുടെ റോയൽറ്റിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഏറെ നാൾ റഫി ലതാമങ്കേഷ്കറുമായി പിണക്കത്തിലായിരുന്നു. എല്ലാക്കാലവും പാട്ടുകാർക്ക് പാട്ടുകളുടെ റോയൽറ്റി വേണം എന്നായിരുന്നു ലതയുടെ വാദം. എന്നാൽ, ഒരിക്കൽ പാടിയതിന്‍റെ കാശുവാങ്ങിയാൽ പിന്നെ റോയൽറ്റിയും ചോദിച്ചുകൊണ്ട് ചെല്ലുന്നത് ശരിയല്ല എന്നായിരുന്നു റഫിയുടെ അഭിപ്രായം. അതിന്‍റെ പേരിൽ ഏറെകാലം പിണങ്ങിയിരുന്ന ഇരുവരെയും പിന്നീട് 'ഝില്‍മില്‍ സിതാരോം കാ...' എന്ന പാട്ടിലൂടെ ഒന്നിപ്പിച്ചത് നർഗീസ് ആയിരുന്നു. 
 
ജീവിതത്തിലെ ഏത് സന്ദർഭം എടുത്തുനോക്കിയാലും അതിനു ചേർന്ന ഒരു റഫി ഗാനം ഓർത്തെടുക്കാനുണ്ടാവും നമുക്ക്.  'ആജ് മേരെ യാർ കി ശാദി ഹേ..' പോലുള്ള വിവാഹഗാനങ്ങളായാലും, 'കർ ചലെ ഹം ഫിദാ..' പോലുള്ള ദേശഭക്തി ഗാനമായാലും, ' നാ തു ഹിന്ദു ബനേഗാ ന മുസൽമാൻ ബനേഗാ' പോലുള്ള സാമുദായികഐക്യം ഊട്ടിയുറപ്പിക്കുന്ന പാട്ടുകളായാലും എല്ലാറ്റിലും റാഫിയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കും. 'നീൽകമൽ' എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം പാടിയ 'ബാബുൽ കി ദുവായേ ലേകെ ചലോ.. ' എന്ന ഗാനം റെക്കോർഡ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുമ്പായിരുന്നു റാഫിയുടെ ചേച്ചിയുടെ വിവാഹം. പെങ്ങൾ പിരിഞ്ഞുപോയ സങ്കടത്തിൽ റെക്കോർഡ് ചെയ്ത ഈ ഗാനത്തിനൊടുവിൽ അദ്ദേഹം കരഞ്ഞുപോയി. കരച്ചിലോടു കൂടിത്തന്നെ രവി ആ ടേക്ക് ഫൈനൽ ആയി അംഗീകരിക്കുകയും ചെയ്തു. 


അന്നത്തെ മറ്റുള്ള ഹിന്ദി സിനിമാ പിന്നണി ഗായകർക്ക് അധികം സിദ്ധിച്ചിട്ടില്ലാത്ത, ക്ലാസിക്കൽ  ഗസലുകൾ പാടുക എന്ന  ഒരു അപൂർവ ഭാഗ്യവും റഫിക്കുണ്ടായിട്ടുണ്ട്. 1976 -ൽ ഗ്രാമഫോൺ കമ്പനിയാണ്  താജ് അഹമ്മദ് ഖാന്‍റെ സംഗീത സംവിധാനത്തിൽ  സുദർശൻ ഫക്കീർ, മിർസാ ഗാലിബ്, ഷമീം ജയ്പുരി, മീർ തകി മീർ എന്നിവരുടെ ഗസലുകൾ റഫിയെക്കൊണ്ട് പാടി ആൽബമായി പുറത്തിറക്കുന്നത്. അതിലെ ഫൽസഫേ ഇഷ്‌ക് മേം, കിത്നി റാഹത് ഹേ, ഏക് ഹീ ബാത് സമാനേ കി, ദിയാ യെ ദിൽ അഗർ ഉസ്‌കോ, ദിൽകി ബാത് തുടങ്ങിയ ഗസലുകൾ ഏറെ ജനപ്രിയമായിരുന്നു.

 

മുഹമ്മദ് റഫിയുടെ ഇന്നോളമുള്ള പാട്ടുകളെടുത്താൽ ഒരു പക്ഷേ, ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിൽ ഒന്ന് 1963 -ൽ പുറത്തിറങ്ങിയ' മേരേ മെഹബൂബ് ' എന്ന ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് ആയിരിക്കും.   സാധനയും ജൂബിലി സ്റ്റാർ രാജേന്ദ്ര കുമാറുമായിരുന്നു ചിത്രത്തിലെ നായികാനായകന്മാർ. മുസ്‌ലിം പശ്ചാത്തലത്തിലുള്ള ഒരു ചിത്രമായിരുന്നു അത്. ഈ ഗാനം ചിത്രീകരിച്ചതോ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ ഓഡിറ്റോറിയത്തിലും. 
 

 

ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി അവതരിപ്പിച്ച നിരവധി ലൈവ് ഷോകളിലും മുഹമ്മദ് റഫി തന്‍റെ മനോഹര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ലൈവ് പാടുമ്പോൾ പല നമ്പറുകളുമിട്ട് ഗാനമേള കൊഴുപ്പിക്കുന്ന ശീലവും റഫിക്കുണ്ടായിരുന്നു. കൃഷ്ണ മുഖർജിയും റഫിയും കൂടി പാടിയ 'സോ സാൽ പെഹ്‌ലെ, മുഝേ തും സെ പ്യാർ ഥാ.." എന്ന യുഗ്മഗാനത്തിന്‍റെ ഗാനമേളാ വേർഷൻ ഏറെ പ്രസിദ്ധമാണ്.


അമ്പത്തഞ്ചാമത്തെ വയസ്സിലാണ് റഫി മരിക്കുന്നത്. കടുത്ത നെഞ്ചുവേദനയോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഹൃദയസ്തംഭനം വന്നു മരിച്ചുപോയി.അതിന്  മണിക്കൂറുകൾ മുമ്പാണ് അദ്ദേഹം തന്‍റെ അവസാന ഗാനമായ ' ശാം ഫിർ ക്യൂം ഉദാസ് ഹേ ദോസ്ത്..' റെക്കോർഡ് ചെയ്തത് എന്ന് പറയപ്പെടുന്നു. 

ബോംബെ അന്നോളം കണ്ടതിൽ വച്ച് ഏറ്റവും വലിയ 'ജനാസ'യാണ് ജൂഹു ഖബറിസ്ഥാനിൽ മുഹമ്മദ് റഫിയെ കബറടക്കാൻ വേണ്ടി അണിനിരന്നത്. തിമിർത്തുപെയ്ത മഴയെ അവഗണിച്ചുകൊണ്ട് പതിനായിരത്തിലധികം പേർ  അന്ന് തങ്ങളുടെ പ്രിയഗായകന്‍റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ വന്നെത്തി. 

അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകൾ പറഞ്ഞവസാനിപ്പിക്കാൻ പറ്റിയ പാട്ട്, 1970-ൽ പുറത്തിറങ്ങിയ ശക്തി സാമന്തയുടെ 'പഗ്‌ലാ കഹീം കാ' എന്ന ചിത്രത്തിലെ 'തും മുഝേ യൂം, ഭുലാ ന പാവോഗേ..' ആവും.  
 

 

"  അത്രയെളുപ്പം മറക്കാനാവില്ല നിങ്ങൾക്കെന്നെ . എന്‍റെ പാട്ടുകൾ കേൾക്കുമ്പോൾ, നിങ്ങളും അതേറ്റു പാടിപ്പോകും.. നിങ്ങൾക്കിനി അത്ര എളുപ്പത്തിൽ  മറക്കാനാവില്ലെന്നെ.." 

ഇല്ല റഫി സാബ്.. അങ്ങ് പാടി മുഴുമിച്ച പാട്ടുകൾ ഇവിടുള്ളിടത്തോളം കാലം അങ്ങയുടെ ഓർമകൾ എന്നുമെന്നും ഈ ഭൂമിയിൽ അലയടിക്കും..!