മുംബൈ: ഒറ്റ വീഡിയോകൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നത് ആദ്യമൊന്നുമാകില്ല. എന്നാല്‍ ഒറ്റവീഡിയോയിലെ തന്‍റെ പാട്ടുകൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കുകയും സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്യുന്നത് അപൂര്‍വ്വമായിരിക്കും. 

പശ്ചിമ ബംഗാളിലെ റാണാഘട്ടില്‍ തെരുവില്‍ പാട്ടുപാടി നടന്ന റനു മണ്ഡാല്‍ ഇന്ന് ബോളിവുഡിലെ ഗായികയാണ്. റെയില്‍വെ സ്റ്റേഷനില്‍ ആരോ പകര്‍ത്തുന്ന വീഡിയോയ്ക്ക് മുന്നില്‍ പാടുമ്പോള്‍ റനു കരുതിയിരിക്കില്ല ഇത്തരമൊരു നിമിഷം. 

ഹിമേഷ് റെഷമിയയ്‍ക്കൊപ്പം സ്റ്റുഡിയോയയില്‍ പാട്ടുപാടുന്ന ഫോട്ടോ പുറത്തുവന്നതോടോ സോഷ്യല്‍ മീഡിയ ഹിമേഷിന് നന്ദിയുമായി എത്തിയിരിക്കുകയാണ്. റനു പാടുന്ന വീഡിയോയും ഹിമേഷ് പങ്കുവച്ചിട്ടുണ്ട്. ഹിമേഷിന്‍റെ ഏറ്റവും പുതിയ ചിത്രത്തിനുവേണ്ടിയാണ് റെനു പാടിയിരിക്കുന്നത്. 

ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനം ആലപിച്ചാണ് റനു സംഗീത ലോകത്തിന് പ്രിയങ്കരിയായത്. ബംഗാളിലെ റാണാഘട്ടിലെ റെയില്‍വെ സ്റ്റേഷനിലിരുന്നായിരുന്നു റനു പാടിയത്. ഇന്ത്യയില്‍ എല്ലാവരും കഴിവുള്ളവരാണ്. അവസരമാണ് ഇനി വേണ്ടത് എന്ന കുറിപ്പോടെ ഈ വീഡിയോ പിന്നീട് ഷെയര്‍ ചെയ്യപ്പെട്ടു.