ചിത്രം ഇതിനകം 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ ജനപ്രിയ ചിത്രമെന്ന ഖ്യാതിയുമായി തിയറ്ററുകളില്‍ തുടരുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവനിരയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യ ഷോകള്‍ കഴിഞ്ഞതോടെ പ്രേക്ഷകര്‍ തന്നെ ചിത്രത്തിന്‍റെ പ്രചരണം ഏറ്റെടുക്കുകയായിരുന്നു. സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രമാണിത്. അതിന്‍റെ പ്രയോജനം ബോക്സ് ഓഫീസിലും ദൃശ്യമാകുന്നുണ്ട്. ആദ്യ ആറ് ദിനങ്ങളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം നിലവില്‍ 150 കോടി ക്ലബ്ബിലും എത്തിയിട്ടുണ്ട്. അഭിനയം, സംവിധാനം, ഛായാഗ്രഹണം, സംഗീതം എന്നിങ്ങനെ സമസ്ത മേഖലകളിലും മികവ് പുലര്‍ത്തിയ ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്.

ഇളയരാജയുടെ പഴയ ഗാനങ്ങള്‍ പശ്ചാത്തലത്തില്‍ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ പഴയ ഒരു മലയാള ഗാനവും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ജോണി വാക്കര്‍ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയില്‍ എന്നാരംഭിക്കുന്ന ഗാനമാണ് അത്. ചിത്രത്തില്‍ ഒരു കല്യാണ വീട്ടിലെ ഗാനമേളയില്‍ ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്‍റെ അവതരണം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരൊക്കെ ഈ ഗാനരംഗത്തിലും എത്തുന്നുണ്ട്. ഒറിജനല്‍ ഗാന രംഗത്തിലെ മമ്മൂട്ടിയുടെ സ്റ്റെപ്പ് അനുകരിക്കുന്ന മോഹന്‍ലാലിനെയും പ്രകാശ് വര്‍മ്മയെയും രംഗങ്ങളില്‍ കാണാം. തിയറ്ററില്‍ കൈയടി സൃഷ്ടിച്ച സീനുകളുമായിരുന്നു അവ.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Shanthamee Rathriyil Video | Thudarum | Mohanlal,Prakash Varma,Jakes Bejoy,Tharun Moorthy, MRenjith