കോഴിക്കോട്: ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളോട് വല്ലാത്തൊരു ഇഷ്ടമാണ് നമുക്ക്. റഫി ഗാനങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു കോഴിക്കോട്ടുകാരനെ പരിചയപ്പെടാം. നവമാധ്യമങ്ങൾ ഏറ്റെടുത്ത ചോട്ടാ റഫി.

സൗരവ് കിഷനിൽ നിന്ന് റഫീ സംഗീതം ഒഴുകുകയാണ്. ചോട്ടാ രഫിയെന്നാണ് നവമാധ്യമങ്ങൾ ഈ കോഴിക്കോട്ടുകാരനെ വിളിക്കുന്നത്.  ഈ പേര് ആദ്യം വിളിച്ചത് സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററാണ്.

മുത്തച്ഛന്‍റെ ഗ്രാമഫോൺ റെക്കോർഡുകളാണ് സൗരവിനെയും റഫി സംഗീതത്തോട് അടുപ്പിച്ചത്. ആ പ്രയാണം സൗരവിനെ റഫിയുടെ ഖബറിടം വരെയെത്തിച്ചു.  കോഴിക്കോട്ടെ റഫി സംഗീത സദസ്സുകളിൽ സജീവമാണെങ്കിലും സൗരവ് തരംഗമായത് സോഷ്യൽ മീഡിയിൽ പങ്കുവച്ച ഒരു പാട്ടിലൂടെയാണ്.

ആ പാട്ടിനെ സംഗീത ലോകം വിലയിരുത്തിയത് പുതിയൊരു മുഹമ്മദ് റഫിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാറായെന്ന കമന്റോടെയാണ്.  ചൈനയിലെ ഷിങ്ജാങില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് സൗരവ് കിഷന്‍. 

കൊവിഡിൽ കോഴിക്കോടിന്‍റെ തെരുവുകളിലെ സംഗീതം നിലച്ചപ്പോഴും ചേവരമ്പലത്തെ വീട്ടിൽ റഫിയുടെ ഇശലുകളുമായി സൗരവ് ഉണ്ട്. ഒപ്പം സംഗീതത്തിലെ പുതിയ പരീക്ഷണങ്ങളും.