നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന 'സ്റ്റാന്‍ഡ് അപ്പി'ന്റെ തീം സോംഗ് പുറത്തെത്തി. 'ഒരേ തൂവല്‍ പക്ഷി' എന്നാരംഭിക്കുന്ന ഗാനത്തിന് മലയാളം വരികള്‍ എഴുതിയിരിക്കുന്നത് ബിലു പദ്മിനി നാരായണനാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ഇംഗ്ലീഷ് വരികള്‍ എഴുതിയിരിക്കുന്നതും വര്‍ക്കിയാണ്. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രം സ്ലീപ്‌ലെസ്‌ലി യുവേഴ്‌സ് എന്ന സിനിമയ്ക്ക് ഇദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങള്‍ക്കായും സംഗീതം ഒരുക്കിയിട്ടുള്ള വര്‍ക്കി ഇപ്പോള്‍ ഗായിക സയനോരയോടൊപ്പം 'ഡിന്‍ ചിക് നേഷന്‍' എന്ന ബാന്‍ഡ് നയിക്കുന്നു.

സയനോരയും അനുജത്തി ശ്രുതി ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. മൂന്ന് പാട്ടുകളാണ് 'സ്റ്റാന്‍ഡ് അപ്പി'ല്‍ സയനോര പാടിയിരിക്കുന്നത്. നേരത്തേ 'പ്രണയത്തിലൊരു ആത്മകഥ' എന്ന കവിതാസമാഹാരത്തിലൂടെ ശ്രദ്ധേയയായ ആളാണ് വരികള്‍ എഴുതിയ ബിലു പദ്മിനി നാരായണന്‍. ടൊവീനോയാണ് ഫേസ്ബുക്ക് പേജിലൂടെ പാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.