ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തി ചിത്രം. അര്‍ജുന്‍ അശോകന്‍റെ വ്യത്യസ്ത വേഷം

അർജുൻ അശോകൻ നായകനായെത്തിയ ചിത്രം 'തലവര' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. 'ഇലകൊഴിയേ തണലായ് അരികേ...' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവരും ചേർന്നാണ്.

മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായികാ കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണുള്ളത് എന്നതാണ് പ്രത്യേകത. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ചിത്രം. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം എത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ ഭാഷ്യം.

അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.

Ilakozhiye | Thalavara | Arjun Ashokan |Revathy | Mahesh Narayanan| Akhil Anilkumar| Electronic Kili