'ലോകമെമ്പാടും എല്ലാവരും ഭയചകിതരായി ഇരിക്കുന്ന സാഹചര്യത്തിൽ ഞങ്ങൾ കുറച്ച് പാട്ടുകാർ, ആരൊക്കെ അവെയ്ലബിളാണോ അവരെല്ലാവരും ഒരു പാട്ടിന്റെ ഓരോ വരി വീതം അവരവരുടെ വീട്ടിലിരുന്ന് പാടി നിങ്ങൾക്ക് വേണ്ടി സമർപ്പിക്കുകയാണ്. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാനും കൊവിഡ് 19 എന്ന വൈറസ് പാടേ തുടച്ചു മാറ്റാനും ദൈവത്തോടുള്ള ഒരു പ്രാർത്ഥനയായ ഈ പാട്ട് ഞങ്ങളെല്ലാവരും നിങ്ങൾക്കായി സമർപ്പിക്കുന്നു.' മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ. എസ്. ചിത്ര തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയ്ക്ക് ആമുഖമായി പറയുന്ന വാക്കുകൾ. മലയാളത്തിലെ പ്രശസ്ത ​ഗായകർ ഓരോ വരി വീതം പാടിയ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

കെഎസ് ചിത്ര, സുജാത, കാവാലം ശ്രീകുമാർ, ശരത്, ശ്രീറാം, പ്രീത, ശ്വേത, സം​ഗീത, വിധു പ്രതാപ്, റിമി ടോമി, അഫ്സൽ, ജ്യോത്സന, നിഷാദ്, രാകേഷ്, ടീനു, രവിശങ്കർ, ദേവാനന്ദ്, രജ്ഞിനി ജോസ്, രാജലക്ഷ്മി, രമേഷ് ബാബു, അഖില ആനന്ദ്, ദിവ്യ മേനോൻ, സച്ചിൻ വാര്യർ തുടങ്ങി 23 ​ഗായകരാണ് ഒറ്റപ്പാട്ടിൽ ഒന്നിക്കുന്നത്. ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ എന്ന് ഇവർ പാടുന്നു. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാകുകയാണ്. കോവിഡ് ഭീതിയിലും ലോക് ഡൗൺ ആശങ്കയിലും പല രാജ്യങ്ങളിലും പ്രതിസന്ധിയിൽ കഴിയുന്ന മലയാളികൾക്ക് പാട്ടിലൂടെ ആശ്വാസം പകരാനാണ് മലയാളത്തിൻെറ പ്രിയ പാട്ടുകാർ ഒന്നുചേർന്നത്. 

ചിത്രയുടെ ഫേസ്ബുക്ക് പേജിലൂടെ നാല് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 1972 ലിറങ്ങിയ സ്നേഹദീപമേ മിഴി തുറക്കൂ എന്ന ചിത്രത്തിലെ ശീർഷക ​ഗാനമാണിത്. പി.ഭാസ്കരൻ, പുകഴേന്തി കൂട്ടുകെട്ടിൽ പിറന്ന ​ഗാനം പാടിയിരിക്കുന്നത് എസ് ജാനകിയാണ്. കഴിഞ്ഞ ദിവസം ആരോ​ഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ വേണ്ടിയുള്ള വീഡിയോ കോളിൽ നടൻ മോഹൻലാലും ഈ ​ഗാനം പാടിയിരുന്നു. കൊവി‍ഡ് 19 ഭീതി പരത്തുമ്പോൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണേ എന്ന് പ്രാർത്ഥിക്കുന്ന ഈ പാട്ട് മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.