യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്.
പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ തെലുങ്ക് ചിത്രം കണ്ണപ്പയിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. പരമശിവനെ പാടിപുകഴ്ത്തി കൊണ്ടുള്ള ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസിയാണ്. ചിത്ര അരുൺ ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിക്കുന്നത് സിജ്ജു തുറവൂരുമാണ്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ എത്തും.
കണ്ണപ്പയിൽ പരമശിവനായാണ് അക്ഷയ് കുമാർ വേഷമിട്ടിരിക്കുന്നത്. 'കണ്ണപ്പ എന്ന ചിത്രത്തിന് വേണ്ടി മഹാദേവൻ്റെ പവിത്രമായ പ്രഭാവലയത്തിലേക്ക് ചുവടുവെക്കുകയാണ്. ഈ ഇതിഹാസ കഥ ജീവസുറ്റതാക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുകയാണ്. ഈ ദിവ്യ യാത്രയിൽ പരമശിവൻ നമ്മെ നയിക്കട്ടെ. ഓം നമഃ ശിവായ!', എന്നായിരുന്നു തന്റെ ക്യാരക്ടർ ലുക്ക് പങ്കിട്ട് നേരത്തെ അക്ഷയ് കുമാർ കുറിച്ചത്. കാജൽ അഗർവാളാണ് പാർവതിയായി എത്തുന്നത്.
മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന കണ്ണപ്പയില്‍ വിഷ്ണു മഞ്ചു ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. മോഹൻ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.


