Asianet News MalayalamAsianet News Malayalam

പിതാവ് ഈണമിട്ട ഗാനത്തിന് പുതുജീവന്‍ നല്‍കി നജീം അര്‍ഷാദ്; ആസ്വാദകശ്രദ്ധ നേടി 'യാ റബ്ബില്‍'

നജീമിന്‍റെ  പ്രൊഡക്ഷനിൽ കുടുംബാംഗങ്ങൾ ഒരുമിച്ച ഗാനം

ya rabb music video by Najim Arshad
Author
Thiruvananthapuram, First Published Jul 24, 2021, 4:02 PM IST

വർഷങ്ങൾക്ക് മുൻപ് പിതാവ് ഈണമിട്ട ഗാനത്തിന് പുതുജീവൻ നല്‍കി യുവഗായകൻ നജീം അർഷാദ്. പിതാവ് ഷാഹുൽ ഹമീദ് ഈണമിട്ട 'യാ റബ്ബിൽ' എന്ന് തുടങ്ങുന്ന ഇസ‍്ലാമിക ഭക്തിഗാനമാണ് ബക്രീദ് ദിനത്തിൽ നജീം പുറത്തിറക്കിയത്. വർഷങ്ങൾക്കു മുൻപ് ഈ ഗാനത്തിന് രചന നിർവഹിച്ച വടശ്ശേരി ഖാദർ ഇന്നില്ല. അന്നത്തെ ഗാനത്തിന് ചില കൂടിച്ചേർക്കലുകൾ നടത്തി പുതിയ രീതിയിലാക്കിയപ്പോൾ ഗാനരചനയിൽ സഹോദരൻ ഡോ: അജിംഷാദും പങ്കാളിയായി.  

കണ്ണൂർ അറയ്ക്കൽ പള്ളിയും പരിസരവും ഒപ്പം തലശ്ശേരി ബീച്ചുമാണ് ഗാനത്തിന്‍റെ ദൃശ്യ പശ്ചാത്തലം. സൂഫി ശൈലിയിലുള്ള ഈ ഗാനത്തിന് സാദിഖ് സാക്കിയുടെ നേതൃത്വത്തിലുള്ള മാഡ് മാക്സ് ടീം ചുവടു വച്ചപ്പോൾ ഗാനത്തിന്‍റെ ഫ്രയിമുകൾ കൂടുതൽ ആകർഷണീയമായി. മനോഹരമായ ദൃശ്യ വിരുന്നിന് സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സച്ചു സുരേന്ദ്രനാണ്. മിക്സിംഗ് ചെയ്തത് നജീമിന്റെ തന്നെ മറ്റൊരു സഹോദരനായ സജീം നൗഷാദാണ്. മാസ്റ്ററിംഗ് ജോനാഥൻ ജോസഫ്. നജീമിന്‍റെ  പ്രൊഡക്ഷനിൽ കുടുംബാംഗങ്ങൾ ഒരുമിച്ച ഗാനം ബക്രീദ് ദിനത്തിൽ നജീമിന്‍റെ തന്നെ ഒഫീഷ്യൽ യൂടൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ആസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios