രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ വർധിച്ചത് ഇന്ധന നിരക്കുകളിൽ മാത്രം ഒതുങ്ങുന്നില്ല. ഈ വിലവർധനവ് ചരക്ക് നീക്കം, നിത്യോപയോഗ സാധനങ്ങളുടെ വില, യാത്രാനിരക്കുകൾ, കാർഷിക മേഖല എന്നിവയെ സാരമായി ബാധിക്കുന്നതിലൂടെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും.

രാജ്യത്ത് ഒറ്റയടിക്ക് പെട്രോൾ വില ലിറ്ററിന് 2.61രൂപയും, ഡ‍ീസലിന് 2.71 രൂപയും കൂട്ടിയിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയോളമാണ് വിലയിൽ മാറ്റം വന്നിട്ടുള്ളത്. ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തിന്റെ നികുതി കുറച്ചുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകുമോ എന്ന ചോദ്യം ബാക്കിയാണ്. ഈ വിലക്കയറ്റം സാധാരണക്കാർക്ക് ഇരുട്ടടിയാകുകയാണ്. രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപഭോഗവും ഉപയോഗവും സമീപ കാലങ്ങളിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും പെട്രോളും ഡീസലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും കുറവില്ല.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത് ഇന്ധന നിരക്കുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. വണ്ടിക്ക് പെട്രോളടിക്കുന്നത് മാത്മല്ല, ഇത് മറ്റനേകം രീതികളിൽ സാധാരണക്കാരുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇന്ധന വില വർധനവ് ചരക്ക് നീക്കത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിക്കുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പാടെ താളം തെറ്റും.

യാത്ര ഇനി ചിലവേറിയതാകും

ഇന്ധനവില വര്‍ധനയുടെ ആദ്യ പ്രഹരം യാത്രാ മേഖലക്ക് തന്നെയാണ്. കാറുകളും ബൈക്കുകളും ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വില വര്‍ധന തിരിച്ചടിയാകുമ്പോള്‍, ഡീസല്‍ വില കൂടുന്നത് ബസ്, ലോറി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ബാധിക്കും. വരും ദിവസങ്ങളില്‍ ഓട്ടോ-ടാക്‌സി നിരക്കുകളിലും ചരക്ക് കൂലിയിലും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്.

അടുക്കള ബജറ്റ് തകരും

ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിക്കുന്നതാണ് ഏറ്റവും വലിയ ആശങ്ക. പച്ചക്കറി, പാല്‍, ധാന്യങ്ങള്‍ എന്നിവയുടെ വിതരണം പൂര്‍ണ്ണമായും റോഡ് ഗതാഗതത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഡീസല്‍ വില കൂടുന്നതോടെ ഇവയുടെ കടത്ത് ചെലവ് വര്‍ധിക്കുകയും അത് ഉപഭോക്താക്കളുടെ തലയില്‍ വരികയും ചെയ്യും. ഇതിനോടകം തന്നെ അമൂല്‍, മദര്‍ ഡയറി തുടങ്ങിയ പ്രമുഖ കമ്പനികള്‍ ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചു കഴിഞ്ഞു. ഇന്ധനവിലയും മറ്റ് ചിലവുകളും വര്‍ധിച്ചതാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിംഗും ഫുഡ് ഡെലിവറിയും

സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളും ആമസോണ്‍, ഫ്‌ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഡെലിവറി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കാം. ഇന്ധനച്ചെലവ് കൂടുന്നത് കമ്പനികളെ ഡിസ്‌കൗണ്ടുകള്‍ കുറയ്ക്കാനും മിനിമം ഓര്‍ഡര്‍ വാല്യൂ ഉയര്‍ത്താനും പ്രേരിപ്പിക്കും.

ഗ്രാമീണ മേഖലയ്ക്ക് ഇരട്ടി പ്രഹരം

നഗരങ്ങളേക്കാള്‍ കൂടുതല്‍ ഇന്ധനവില വര്‍ധന ബാധിക്കുന്നത് ഗ്രാമീണ മേഖലയെയാണ്. കൃഷിക്കാവശ്യമായ ട്രാക്ടറുകള്‍, ജലസേചന പമ്പുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ അത്യാവശ്യമാണ്. ഇന്ധനച്ചെലവ് കൂടുന്നത് കാര്‍ഷിക ഉല്‍പ്പാദന ചെലവ് വര്‍ധിപ്പിക്കുകയും ഇത് വരും മാസങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെ വില ഇനിയും കൂടാന്‍ കാരണമാവുകയും ചെയ്യും. ചുരുക്കത്തില്‍, ഇന്ധനവില കൂടുമ്പോള്‍ അത് പെട്രോള്‍ പമ്പുകളില്‍ മാത്രം തീരുന്ന പ്രശ്‌നമല്ല; ചായക്കട മുതല്‍ ഷോപ്പിംഗ് മാളുകള്‍ വരെ നീളുന്ന ഒരു വലിയ വിലക്കയറ്റത്തിന്റെ തുടക്കമാണന്നൊണ് വിദഗ്ധര്‍ പറയുന്നത്.