ശമ്പളം ലഭിക്കുന്നവർക്ക് അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ എമർജൻസി ഫണ്ട്, ആരോഗ്യ ഇൻഷുറൻസ്, എസ്ഐപി നിക്ഷേപം എന്നിവ അത്യന്താപേക്ഷിതമാണ്. ആറുമാസത്തെ ശമ്പളം എമർജൻസി ഫണ്ടായും, അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസ് പോളിസിയും, വരുമാനത്തിന്റെ ഒരു ഭാഗം എസ്ഐപി വഴിയും നിക്ഷേപിക്കുന്നത് ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കും.
കയ്യിൽ തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്നവർക്ക് അത്കൊണ്ട് പ്രതിമാസ ചെലവുകൾ നടത്താനും വലിയ ബുദ്ധിമുട്ടില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. എന്നാൽ, അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുകയോ വലിയൊരു സാമ്പത്തിക ബാധ്യത വരികയോ ചെയ്യുമ്പോൾ അത്ര സുരക്ഷിതമായിരിക്കില്ല സാമ്പത്തിക കാര്യങ്ങൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഒരു പരിധി വരെ സാമ്പത്തികം കൈപ്പിടിയിൽ വയ്ക്കാം. ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
എമർജൻസി ഫണ്ട്
ലാഭം ഉണ്ടാക്കുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് അടിയന്തര ഘട്ടങ്ങളിൽ പണം ലഭ്യമാകുന്നതിനാണ്. 6 മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഫിക്സഡ് ഡെപ്പോസിറ്റായോ (FD) ലിക്വിഡ് ഫണ്ടായോ സൂക്ഷിക്കണം. ഉദാഹരണത്തിന് പ്രതിമാസം 50,000 വരുമാനമുളള ഒരാൾ നിക്ഷേപങ്ങൾ കൂടാതെ 3 ലക്ഷം രൂപ എമർജൻസി ഫണ്ടായി കരുതണം. എമർജൻസി ഫണ്ട് എന്നത് ഒരു നിക്ഷേപമല്ല, മറിച്ച് എളുപ്പത്തിൽ പിൻവലിക്കാൻ സാധിക്കുന്ന കരുതൽ പണം മാത്രമാണ്.
ആരോഗ്യ ഇൻഷുറൻസ്
വലിയൊരു സാമ്പത്തിക ബാധ്യതയിൽ നിന്നും സമ്പാദ്യം ചോർന്നുപോകാതെ സംരക്ഷിക്കാൻ ഇക്കാലത്ത് ഹെൽത്ത് ഇൻഷുറൻസ് വേണം. ഒരു ചെറിയ കുടുംബത്തിനു 10 ലക്ഷം മുതൽ 25 ലക്ഷം വരെയുള്ള കവറേജ് എടുക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിന് കമ്പനി ഇൻഷുറൻസ് ഉണ്ടല്ലോ എന്ന് മാത്രം കരുതരുത്. ജോലി മാറുമ്പോഴോ വിരമിക്കുമ്പോഴോ കമ്പനി നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസും പോകും. ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ 90%-ത്തിന് മുകളിൽ ക്ലെയിം സെറ്റിൽമെൻ്റ് റേഷ്യോ, റൂം റെൻ്റ് പരിധികൾ ഇല്ലാത്ത പോളിസി, റെസ്റ്റോറേഷൻ ബെനിഫിറ്റ് എന്നിവ പരിശോധിക്കണം.
ദീർഘകാല സമ്പത്തിന് എസ്ഐപി നിക്ഷേപം
ആദ്യ രണ്ട് കാര്യങ്ങൾ കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് നിക്ഷേപങ്ങൾക്കാണ്. ശമ്പളത്തിന്റെ 10- 20% മ്യൂച്വൽ ഫണ്ട് എസ്.ഐ.പി (SIP) വഴി ക്രമമായി നിക്ഷേപിക്കണം. 50,000 ശമ്പളമുള്ള വ്യക്തി പ്രതിമാസം 5,000 മുതൽ 10,000 വരെ നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. വിപണിയിലെ മാറ്റങ്ങൾ നോക്കാതെ ദീർഘകാലത്തേക്ക് നടത്തുന്ന തുടർച്ചയായ നിക്ഷേപം വഴി കോമ്പൗണ്ടിങ്ങിന്റെ (Compounding) നേട്ടം പരമാവധി ലഭിക്കും. വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപത്തുകയും കൂട്ടാം.
ഉദാഹരണത്തിന്, 50,000 ശമ്പളവും 30,000 രൂപ അത്യാവശ്യ ചെലവുകളുമുള്ള ഒരാൾ, തുടക്കത്തിൽ തന്നെ 3 ലക്ഷം രൂപ കരുതുന്നതിന് പകരം 3 മുതൽ 6 മാസത്തെ ചെലവിനുള്ള 90,000 - 1.8 ലക്ഷം എമർജൻസി ഫണ്ടായി സമാഹരിക്കാം. ഇൻഷുറൻസും എമർജൻസി ഫണ്ടും പൂർത്തിയായാൽ പ്രതിമാസം 5,000 രൂപ വെച്ച് എസ്.ഐ.പി നിക്ഷേപം ആരംഭിക്കാവുന്നതാണ്. വളരെ കൃത്യമായി ശമ്പളം കൂടുന്നതിനനുസരിച്ച് ആസൂത്രണം ചെയ്ത് ജീവിച്ചാൽ ഭാവിയിലെ വലിയ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാം.


