Asianet News MalayalamAsianet News Malayalam

നിന്ന നില്‍പ്പില്‍ കിട്ടുന്ന വായ്പകള്‍ക്ക് പിന്നിലെ കളികള്‍; 'മിന്നല്‍' വായ്പകളെക്കുറിച്ച് അടുത്തറിയാം

5000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപാ വരെ വായ്പ നല്‍കുന്ന കമ്പനികളുണ്ട്. പരമാവധി 30 ദിവസം മുതല്‍ 90 ദിവസം വരെ വായ്പ കാലാവധി കിട്ടും. ചില കമ്പനികള്‍ നല്‍കുന്നത് തൊട്ടടുത്ത ശമ്പള ദിവസം വരെ മാത്രം.

instant loan process in India, varavum chelavum personal column by c s renjit
Author
Thiruvananthapuram, First Published Jan 20, 2020, 6:24 PM IST

നിന്നനില്‍പ്പില്‍ ഒരു വായ്പ വേണമെന്ന് തോന്നിയല്‍ എന്ത് ചെയ്യും? മാസാവസാനമായതിനാല്‍ തന്റെ പോലെ തന്നെ സുഹൃത്തുക്കളുടെയെല്ലാം അക്കൗണ്ടുകളും കാലി. ബൈക്കിന് എടുത്ത വായ്പയില്‍ തിരിച്ചടവ് മുടങ്ങിയത് കാരണം ക്രെഡിറ്റ് സ്‌കോര്‍ വെളിയില്‍ പറയാന്‍ കൊള്ളില്ല. ഒറ്റ ബാങ്ക് മാനേജര്‍മാരും അടുപ്പിക്കില്ല ഉറപ്പ്.

വിഷമിക്കേണ്ട, അതി ഹ്രസ്വകാലമായ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് പണം കിട്ടാന്‍ ഒരു എളുപ്പ വഴിയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ സാലറി വരുമ്പോള്‍ തിരിച്ചു നല്‍കിയാല്‍ മതി. എവിടെ എന്ന് പറയും മുമ്പ് ഒരു കാര്യം കൂടി പറഞ്ഞില്ലെന്ന് പിന്നീട് പറയരുത്. കിട്ടാന്‍ എളുപ്പം എന്നാല്‍, വട്ടി പലിശക്കാരനെ വെല്ലുന്ന ബ്ലേഡ് പലിശ നല്‍കേണ്ടി വരും.

ലോണ്‍ ഫോര്‍ സ്‌മൈല്‍, ക്രെഡിറ്റ് ബാസര്‍ എന്നിങ്ങനെയൊക്കെ പേരുകളുള്ള കമ്പനികള്‍ ഇന്റര്‍നെറ്റില്‍ തങ്ങളുടെ വെബ്‌സൈറ്റുകള്‍ തുറന്നിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, സാലറി സ്ലിപ്പ് തുടങ്ങിയവ സ്‌കാന്‍ ചെയ്ത് സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ ഉടന്‍ വായ്പ അനുവദിക്കും. അക്കൗണ്ടില്‍ ശമ്പളം വരുമെന്ന് പ്രതീക്ഷിക്കുന്ന തീയതി ഇട്ട് ചെക്ക് കൂടി നല്‍കിയാല്‍ പണം റെഡി.

കാലാവധി ശമ്പള ദിവസം വരെ 

5000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപാ വരെ വായ്പ നല്‍കുന്ന കമ്പനികളുണ്ട്. പരമാവധി 30 ദിവസം മുതല്‍ 90 ദിവസം വരെ വായ്പ കാലാവധി കിട്ടും. ചില കമ്പനികള്‍ നല്‍കുന്നത് തൊട്ടടുത്ത ശമ്പള ദിവസം വരെ മാത്രം.

സാധാരണ രീതിയില്‍ വായ്പയുടെ പലിശ നിരക്ക് എന്നാല്‍ വാര്‍ഷിക നിരക്കുകളാണ് പറയുക. ഇവിടെ പലിശ നിരക്ക് പറയുന്നത് ഒരു ദിവസത്തിന് എത്രയെന്നാണ്. 0.1 ശതമാനം മുതല്‍ 2 ശതമാനം വരെ പ്രതിദിനം പലിശ നല്‍കണം. ദിവസങ്ങള്‍ക്കുള്ളില്‍ എടുത്ത തുകയുടെ ഒന്നോ രണ്ടോ ഇരട്ടി തിരികെ നല്‍കേണ്ടി വരും.

ദിവസം ഒരു ശതമാനം എന്ന് കണക്കാക്കിയാല്‍ ഒരു വര്‍ഷത്തേയ്ക്ക് 365 ശതമാനമെന്ന് എല്ലാവരും എളുപ്പം മനസ്സില്‍ കൂട്ടും. യഥാര്‍ത്ഥത്തില്‍ തിരിച്ചടവ് തീയതിയ്ക്ക് മുതലും പലിശയും കൂടിയാണ് തിരിച്ചടയ്‌ക്കേണ്ടത്. പിന്നങ്ങോട്ട് കൂട്ടുപലിശയും, പിഴ പലിശയും, ചെക്ക് മടങ്ങിയ ചാര്‍ജ്ജും റിക്കവറി ചെലവുകളും  ഒക്കെ കൂടി പിടിച്ചാല്‍ കിട്ടില്ല. ഇതിനിടയില്‍ ഒരു കാര്യം വിട്ടു പോകേണ്ട. വായ്പകള്‍ അനുവദിക്കുന്നതിന് പ്രോസസിംഗ് ഫീസ് ഉണ്ട്. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ആണെങ്കിലും ഒറ്റത്തവണ മാത്രമേ ഈടാക്കൂ. ചെറിയ തുകയാണ് വായ്പ എന്നതിനാല്‍ കൈയ്യില്‍ കിട്ടിയ തുകയേക്കാള്‍ കടം പെരുകുന്നത് നേരിട്ട് അനുഭവിക്കാം.

എന്തൊക്കെയാണേലും ഉടനടി പണം ലഭിക്കുമല്ലോ? മാനേജര്‍മാരുടെ മുന്നില്‍ പോയി നില്‍ക്കേണ്ടതുമില്ല. ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കേണ്ട. ഒരിക്കല്‍ എടുത്താല്‍ തൊട്ടടുത്ത ശമ്പള ദിവസം തിരികെ കൊടുത്താലും മതിയല്ലോ? ശമ്പളമായി കിട്ടിയ തുക അത്രയും വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചാല്‍ ഉദാര മനസ്‌കരായ കമ്പനികള്‍ വീണ്ടും വായ്പ നല്‍കും. ഇനിയിപ്പോള്‍ ഒരു കമ്പനിയ്ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ മറ്റൊരു കമ്പനിയില്‍ നിന്ന് വേണമെങ്കിലും വായ്പ തരപ്പെടുത്താം. ചുരുക്കത്തില്‍ കടക്കെണി എന്താണെന്ന് അനുഭവിച്ചറിയാന്‍ വേറെ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതില്ല.

മുന്‍കൂറായി നല്‍കിയ ചെക്കുകളാണ് വായ്പ നല്‍കുന്ന കമ്പനികളുടെ ബലം. ചെക്കുകള്‍ മടങ്ങിയാല്‍ ഉണ്ടാകുന്ന നിയമ പുകിലുകള്‍ ആരും ഇഷ്ടപ്പെടുന്നില്ലല്ലോ?  

Follow Us:
Download App:
  • android
  • ios