ആദ്യത്തെ ഭവന വായ്പ തീരുന്നതിന് മുൻപ് രണ്ടാമതൊരു വായ്പ എടുക്കാൻ ബാങ്കുകൾ അനുവദിക്കുമെങ്കിലും നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വരുമാനം നിലച്ചാലുള്ള അവസ്ഥ, മറ്റ് നിക്ഷേപ അവസരങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായി ചിന്തിച്ച ശേഷം മാത്രം പുതിയ വായ്പ എടുക്കുക.
ആദ്യത്തെ വീടിന്റെ വായ്പ അടച്ചു തീരുന്നതിന് മുന്‍പ് തന്നെ മറ്റൊരു വീട് കൂടി വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഒന്നിലധികം ഭവന വായ്പകള്‍ എടുക്കാമെങ്കിലും ഓരോ പുതിയ വായ്പയ്ക്കും ബാങ്കുകളുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി നിലവിലെ ബാങ്കിനെയോ മറ്റ് ബാങ്കുകളെയോ സമീപിക്കാം. ബുദ്ധിമുട്ടുകളില്ലാതെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ബാങ്കുകള്‍ ലോണ്‍ അനുവദിക്കുക. നിങ്ങളുടെ ശമ്പളം, നിലവിലുള്ള ഇഎംഐകള്‍, ക്രെഡിറ്റ് ഹിസ്റ്ററി, മറ്റ് സാമ്പത്തിക ബാധ്യതകള്‍ എന്നിവയ്ക്കൊപ്പം പ്രായം, ജോലി സ്ഥിരത, വാങ്ങുന്ന പ്രോപ്പര്‍ട്ടി എന്നിവയും ബാങ്കുകള്‍ പരിശോധിക്കും.
രണ്ടാമതൊരു ഭവനവായ്പ എടുക്കുന്നതിന് മുന്‍പ് സ്വയം ചോദിക്കേണ്ട 3 പ്രധാന ചോദ്യങ്ങള്‍
1. അടുത്ത 12 മാസത്തേക്ക് വരുമാനം പൂര്‍ണ്ണമായും നിലച്ചാല്‍, ഈ രണ്ട് പ്രോപ്പര്‍ട്ടികളുടെയും ചെലവുകള്‍ ബുദ്ധിമുട്ടില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുമോ?
2. അടുത്ത 7 വര്‍ഷത്തേക്ക്‌വാങ്ങുന്ന വസ്തുവിന്റെ വില വര്‍ദ്ധിച്ചില്ലെങ്കിലും, ഈ നിക്ഷേപത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടാകുമോ?
3. അടുത്ത വര്‍ഷം മികച്ചതൊരു ബിസിനസ്സ് അല്ലെങ്കില്‍ നിക്ഷേപ അവസരം വന്നാല്‍, ഈ ഭവനവായ്പയുടെ ഇഎംഐ കാരണം അതില്‍ പങ്കുചേരാന്‍ സാധിക്കാതെ വരുമോ?
'എനിക്ക് ലോണ്‍ കിട്ടുമോ?' എന്ന ചിന്തയില്‍ നിന്നും 'എനിക്ക് ഈ ലോണ്‍ ബാധ്യതയാകാതെ കൊണ്ടുപോകാന്‍ സാധിക്കുമോ?' എന്ന ചിന്തയിലേക്കാണ് ഈ ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവ് നോക്കിയാണ് ബാങ്ക് ലോണ്‍ നല്‍കുന്നത്. എന്നാല്‍ സാമ്പത്തിക ആസൂത്രണം അതിനും ഒരുപടി മുന്നിലായിരിക്കണം.
1. സാമ്പത്തിക ഭദ്രത ഉറപ്പാക്കുക
മൊത്തം സാമ്പത്തിക ആസ്തിയില്‍ നിന്ന് ബാധ്യതകള്‍ കിഴിച്ച് സാമ്പത്തിക ആസ്തി ആദ്യം കണക്കാക്കുക. തുടര്‍ന്ന് എളുപ്പത്തില്‍ പണമാക്കി മാറ്റാന്‍ സാധിക്കുന്ന നിക്ഷേപങ്ങളെ നിങ്ങളുടെ വാര്‍ഷിക ജീവിതച്ചെലവ് കൊണ്ട് ഹരിക്കുക. ഉദാഹരണത്തിന്: 3 കോടി രൂപ ആസ്തിയും വര്‍ഷത്തില്‍ 30 ലക്ഷം രൂപ ജീവിതച്ചെലവും ഉള്ള ഒരാള്‍ക്ക് അടുത്ത 10 വര്‍ഷത്തേക്കുള്ള ചെലവുകള്‍ക്കുള്ള തുകയുണ്ട്. എന്നാല്‍ മറ്റൊരു പ്രോപ്പര്‍ട്ടി കൂടി വാങ്ങുമ്പോള്‍ നിങ്ങളുടെ ഈ സാമ്പത്തിക ഭദ്രത കുറഞ്ഞേക്കാം (ഇഎംഐ അടയ്ക്കാന്‍ സാധിക്കുന്നതാണെങ്കില്‍ കൂടി ഇത് സംഭവിക്കാം).
2. പെട്ടെന്നെടുക്കാന്‍ കയ്യില്‍ പണമുണ്ടെന്ന് ഉറപ്പാക്കുക
രണ്ടാമതൊരു വസ്തു വാങ്ങുമ്പോള്‍ സമ്പത്തിന്റെ വലിയൊരു ഭാഗം അതില്‍ കുടുങ്ങിക്കിടക്കും. വസ്തു പെട്ടെന്ന് വിറ്റ് പണമാക്കാന്‍ സാധിക്കില്ല. അതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കും മറ്റ് ചെലവുകള്‍ക്കും കയ്യില്‍ പണമുണ്ടെന്ന് ഉറപ്പാക്കണം.
3. പ്രതിസന്ധി ഘട്ടങ്ങളിലെ തിരിച്ചടവ്
മാസം 3 ലക്ഷം രൂപ വരുമാനമുള്ള ഒരാള്‍ക്ക് രണ്ട് ലോണുകളിലായി 1.5 ലക്ഷം രൂപ ഇഎംഐ വരുമ്പോള്‍ ശമ്പളത്തിന്റെ പകുതിയും അതിനായി ചിലവാകും. പെട്ടെന്ന് വരുമാനം കുറയുകയോ പ്രതീക്ഷിച്ച ബോണസ് ലഭിക്കാതിരിക്കുകയോ ചെയ്താല്‍ ഇത് താങ്ങാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം.
4. പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമോ എന്ന് ചിന്തിക്കുക
50 ലക്ഷം രൂപ ഒരു പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കായി മാറ്റിവെക്കാന്‍ പണം കുറയും. റിട്ടയര്‍മെന്റ് സേവിങ്‌സ്, കുട്ടികളുടെ വിദ്യാഭ്യാസം, മികച്ച ബിസിനസ്സ് അവസരങ്ങള്‍, അടിയന്തര ഫണ്ട് എന്നിവയുമായി ഈ നിക്ഷേപത്തെ താരതമ്യം ചെയ്യുക.


