ദില്ലി: ഏഴ് ഘട്ടങ്ങൾ നീണ്ട വോട്ടെടുപ്പ്. 68 ദിവസം നീണ്ട പ്രചാരണം. രണ്ട് മാസത്തിലധികം നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ നടത്തിയത് 144 റാലികൾ. പ്രധാന എതിരാളിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി 124 റാലികളിലും റോഡ്ഷോകളിലും പങ്കെടുത്തു. ബംഗാളിലും ഒഡീഷയിലുമാണ് ബിജെപി ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

80 സീറ്റുള്ള ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി 18 റാലികളിൽ പങ്കെടുത്തു. അതായത് 4.5 സീറ്റുകൾക്ക് ഒരു റാലി വീതം. അതേസമയം, ഉത്തർപ്രദേശിൽ മോദി സംസാരിച്ചത് 36 റാലികളിലാണ്. അതായത് 2.3 സീറ്റുകൾക്ക് ഒരു റാലി വീതം. 25 സീറ്റുള്ള രാജസ്ഥാനിൽ 12 ഉം മധ്യപ്രദേശിൽ 29 സീറ്റുള്ള മധ്യപ്രദേശിൽ 11 ഉം റാലികളിൽ രാഹുൽ പങ്കെടുത്തു. രാഹുല്‍ ലക്ഷ്യവെക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ലോക്സഭയിലും ആവർത്തിക്കുകയെന്നതാണ്. ദക്ഷിണേന്ത്യയിൽ വലിയ പ്രതീക്ഷ പുലർത്തുന്ന കോൺഗ്രസ്, കേരളത്തിൽ മാത്രം 12 റാലികൾക്ക് രാഹുലിനെ എത്തിച്ചു. 

മഹാസഖ്യത്തിന്‍റെ കുതിപ്പിൽ ഉത്തർപ്രദേശിൽ ബിജെപി 2014 ആവർത്തിക്കില്ലെന്നാണ് രാഷ്ട്രീയ നീരീക്ഷകർ പറയുന്നത്. ഈ സാഹചര്യത്തെ പശ്ചിമബംഗാളിലും ഒഡീഷയിലും കൂടുതൽ സീറ്റ് നേടി മറികടക്കുകയെന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. മോദിയുടെ റാലികളുടെ ക്രമീകരണത്തിലും ഇത് കാണാം. കഴിഞ്ഞ ലോക്സഭയിൽ രണ്ട് ബിജെപി അംഗങ്ങൾ മാത്രമുള്ള ബംഗാളിൽ 17 റാലികളാണ് മോദി നടത്തിയത്. 2.5 സീറ്റുകൾക്ക് ഒരു റാലി വീതം. 2014 ഒരു ബിജെപി അംഗത്തെ മാത്രം ലോക്സഭയിലെത്തിക്കാനായ ഒഡീഷയിൽ ഇത്തവണ മോദി നടത്തിയത് 8 റാലികൾ. അതായത് 2.6 സീറ്റുകൾക്ക് ഒരു റാലി വീതം. ഏത് സംസ്ഥാനങ്ങൾക്കാണ് ബിജെപിയും കോൺഗ്രസും കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് കൂടിയാണ് മോദിയുടേയും രാഹുലിന്‍റെയും റാലികളുടെ വിശകലനത്തിലൂടെ വ്യക്തമാകുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.