ചണ്ഡീഗഡ്: കേവല ഭൂരിപക്ഷം നേടാൻ ഭരണകക്ഷിയായ എൻഡിഎക്കും കഴിയാത്ത സാഹചര്യത്തിൽ കർണാടക മോ‍ഡൽ നീക്കവുമായി കോൺഗ്രസ്.  ജനനായക് ജനതാ പാർട്ടിയെയും കൂടി നിർത്തി സർക്കാർ രൂപീകരിക്കാൻ കോണഗ്രസ് ശ്രമം തുടങ്ങി. ജെജെപി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുന്ന കാര്യം ആലോചനയിലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

90  അംഗ നിയമ സഭയിൽ 48  സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് നിലവിൽ 46  എന്ന കേവല ഭൂരിപക്ഷത്തിന് സമീപം പോലും എത്താൻ കഴിയാതിരുന്നതോടെയാണ് ജെജെപിയെ ഒപ്പം നിർത്തിയുള്ള രാഷ്ട്രീയകളിക്ക് കോൺഗ്രസ് മുതിരുന്നത്. ഇക്കുറി ഹരിയാനയിൽ സ്ഥാനമുറപ്പിക്കാൻ ഉറച്ചു തന്നെ മത്സരരംഗത്തിറങ്ങിയ ദുഷ്യന്ത് ചൗട്ടാല തെരഞ്ഞെടുപ്പിലെ കിംഗ് മേക്കറാകുന്ന കാഴ്ചയ്ക്കാണ് ഇതോടെ ഹരിയാന വേദിയാകുന്നത്. ജെജെപിയെ ഒപ്പം നിർത്തിയെങ്കിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കിയപ്പോൾ വില പേശലിന് തന്നെയാണ് ദുഷ്യന്ത് ചൗട്ടാലയുടെ നീക്കം. 

ദേവിലാൽ കുടുംബത്തിലെ യഥാർത്ഥ പിന്തുടർച്ചവകാശി എന്ന വാദവുമായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ജനനായക് ജനതാ പാർട്ടിയുടെ വരവ്. കന്നി അംഗത്തിൽ തന്നെ ഹരിയാനക്കാരുടെ മനസിൽ ആ തോന്നൽ ഉണ്ടാക്കാൻ ജെജെപിക്ക് കഴിയുകയും ചെയ്തു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെയും പിന്നിലാക്കിയ പ്രചാരണമാണ് ദുഷ്യന്ത് ചൗട്ടാലക്കായി ജനനായക് ജനതാ പാർട്ടി ഹരിയാനയിൽ കാഴ്ച വച്ചത്.

ബിജെപി അധികം ഉന്നം വയ്ക്കാത്ത ജാട്ട് വോട്ടുകളിൽ ആയിരുന്നു പ്രധാന നോട്ടം. കോൺഗ്രസിലെ തമ്മിലടി ഭൂപീന്ദർ സിംഗ് ഹൂഡയിൽ നിന്ന് ജാട്ടുകളെ ജെജെപിയിലേക്ക് എത്തിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു കാടിളക്കിയുള്ള പ്രചാരണങ്ങൾ. ഇന്ത്യൻ നാഷണൽ ലോക്ദളിൽ നിന്ന് പിരിഞ്ഞ ശേഷം രൂപീകരിച്ച ദുഷ്യന്ത് ചൗ‍ട്ടാലയുടെ  പ്രചാരണങ്ങൾ പുതുമുഖം എന്ന തോന്നലിലേ ആയിരുന്നില്ല. ഇതോടെ ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ ജെജെപി എന്ന രാഷ്ട്രീയ പാർട്ടി നിർണായക ശക്തി ആകുകയാണ്. 

എന്തായാലും ജെജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് സർക്കാ‍ർ രൂപീകരിച്ചാൽ ഭരണത്തുടർച്ച പ്രതീക്ഷിച്ച ബിജെപിക്കത് കനത്ത തിരിച്ചടിയാകും. ലോക്സഭയിൽ പത്തിൽ പത്ത് സീറ്റും നേടിയ ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ സ്വീകാര്യത വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു.  സംസ്ഥാനത്തെ നിർണായക ശക്തിയായ ജാട്ടുകളെ അല്ല, മറിച്ച് ജാട്ടിതര വോട്ടുകൾ ലക്ഷ്യം വച്ചായിരുന്നു പ്രചാരണങ്ങൾ. ആദ്യവസാനം പ്രചാരണത്തിൽ മുൻതൂക്കം നേടാൻ ബിജെപിയ്ക്ക് കഴിയുകയും ചെയ്തു. 

സാമുദായങ്ങൾക്കെല്ലാം തുല്യനീതി ഉറപ്പു വരുത്തിയെന്നതുൾപ്പെടെയുള്ള മുഖ്യമന്ത്രിയുടെ നേട്ടങ്ങൾ എണ്ണിപറഞ്ഞ പ്രചാരണം പക്ഷെ ഫലം കണ്ടെല്ലെന്നാണ് നിലവിലെ തെരഞ്ഞെടുപ്പ് നില സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പകുതിയോളം വരുന്ന ജാട്ട്, മുസ്ലിം, ദളിത് വിഭാഗങ്ങൾ ബിജെപിയെ കൈവിട്ടുവെന്ന് തന്നെ പറയാം.

2016  ലെ ജാട്ട് സമുദായത്തിന്റെ സംവരണപ്രക്ഷോഭത്തോടുള്ള ബിജെപി സർക്കാരിന്റെ തണുപ്പൻ പ്രതികരണവും ഗുർ മീത് റാം സിംഗിന്റെ അറസ്റ്റിനെ തുടർന്ന് ദളിത് സമുദായത്തിനിടയിൽ ഉയർന്ന സർക്കാർ വിരുദ്ധ വികാരവും ബിജെപിക്ക് തിരിച്ചടി സമ്മാനിച്ചുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. എഴുപത്തിയഞ്ചിലധികം സീറ്റുകൾ ബിജെപി നേടുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുന്നത്. എന്തായാലും തൂക്കുമന്ത്രി സഭയെന്ന സാധ്യതയിലേക്ക് ഹരിയാന നീങ്ങില്ലെന്ന് തന്നെയാണ് കോൺഗ്രസ് നീക്കങ്ങൾ വ്യക്തമാക്കുന്നത്.  

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗിന്റെ ചിറകിൻ കീഴിൽ പ്രചാരണം നടത്തിയ കോൺഗ്രസിന് പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ജെജെപിയുടെ ചെലവിൽ സർക്കാർ ഉണ്ടാക്കാൻ ആകും. അത് കൊണ്ട് തന്നെ ഇത് കോൺഗ്രസിന്റെ അല്ല, മറിച്ച് ദുഷ്യന്ത് ചൗട്ടാല എന്ന കിംഗ് മേക്കറുടെ തെരഞ്ഞെടുപ്പ് എന്ന തന്നെ വിലയിരുത്താം.

നിലവിലെ ലീ‍ഡ് നില