കാസ‍ർകോട്: വോട്ടെടുപ്പിന് ഒരു ദിവസം ഇപ്പുറം കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ അങ്ങേയറ്റം ആത്മവിശ്വാസത്തിലാണ്. പ്രചാരണകാലത്തെ വൻ സ്വീകാര്യതയെക്കുറിച്ച് പറയുമ്പോൾ സ്ഥാനാത്ഥിയ്ക്ക് വാക്കുകളില്ല. വോട്ട് ചോദിച്ചിറങ്ങുമ്പോൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം ആളുകളുടെ ആത്മാർത്ഥതയായിരുന്നെന്നും ആ ആത്മാർത്ഥത കൊണ്ട് തനിയ്ക്ക് ഒരു മണിക്കൂർ പോലും ഉറങ്ങാനായില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. "പുലർച്ചെ നാല് മണിയ്ക്ക് വരുന്നവരോട് താൻ മരുന്ന് കഴിച്ചില്ലെന്ന് വിഷമം പറയും. അപ്പോൾ അവ‍ർ പറയും എന്നാലും ഇവിടെയും കൂടി ഒന്ന് വന്ന് പോകൂ" എന്ന്. ഇത്ര ആത്മാർത്ഥതയുള്ള ജനത ജീവിക്കുന്ന നാട് ഞാൻ വേറെ കണ്ടിട്ടില്ല"  ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. 

"പലരും എന്‍റെയൊപ്പം സെൽഫി എടുക്കാൻ മത്സരിച്ചു. 'സാർ ഞങ്ങൾ വോട്ട് തരില്ല, പക്ഷേ നിങ്ങളുടെ കൂടെ ഒരു സെൽഫി വേണം' എന്ന് ചിലർ പറഞ്ഞു. വോട്ട് തരില്ലെന്ന് പറയുന്നത് മറ്റുള്ളവരെ കേൾപ്പിക്കാനാണ്. ചിലരുടെയടുത്ത് ഞാൻ രാജ്മോഹൻ ഉണ്ണിത്താൻ എന്ന് പരിചയപ്പെടുത്തുമ്പോൾ അവർ പറയും 'നിങ്ങൾ പേര് പറഞ്ഞ് പരിചയപ്പെടുത്തരുത് നിങ്ങളെ ആർക്കാണ് അറിയാത്തത്. നിങ്ങളുടെ സിനിമ ഞങ്ങൾ കണ്ടിട്ടുണ്ട്'എന്ന്, രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 

കുട്ടികളുടെ മനസ്സിൽ പോലും താൻ പതിഞ്ഞിരുന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. 
ഒരു കുട്ടി തന്നെ കാണണമെന്ന് പറഞ്ഞ്  കര‍ച്ചിലായി. എന്തൊക്കെ വാങ്ങിക്കൊടുത്തിട്ടും അവൻ സംതൃപ്തനായില്ലെന്നും ഒടുവിൽ താൻ കുട്ടിക്കൊപ്പം സെൽഫി എടുത്തപ്പോഴാണ് അവന്‍റെ കരച്ചിൽ നിന്നതെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

മണ്ഡലാനുഭവങ്ങൾ അവിടെയും തീരുന്നില്ല. ഒരു ദിവസം നിങ്ങൾ കാരണം എനിയ്ക്ക് ചോറ് കിട്ടുന്നില്ലെന്ന പറഞ്ഞ് ഒരാൾ തന്നെ സമീപിച്ച ഓർമയുമുണ്ട് രാജ് മോഹൻ ഉണ്ണിത്താന്. സ്ഥാനാർത്ഥിയുടെ എന്തെങ്കിലും പരിപാടി ടിവിയിലുണ്ടെങ്കിൽ എന്‍റെ ഭാര്യ അത് കഴിഞ്ഞേ ചോറ് തരുന്നുള്ളൂ എന്നതായിരുന്നു അയാളുടെ പരാതി എന്നും രാജ് മോഹൻ ഉണ്ണിത്താൻ പറ‌ഞ്ഞു. കാസർകോട്ട് യുഡിഎഫിന് അട്ടിമറി വിജയമുണ്ടാകുമെന്നും അതവർക്ക് കണ്ടെത്താനാവില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.  കള്ള വോട്ട് നടന്നുവെന്നും പക്ഷേ, അതിനെ മറികടക്കാൻ പാകത്തിൽ ഇടത് വോട്ട് വരെ തനിക്ക് കിട്ടിയിട്ടുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.