അഹമ്മദാബാദ് : ജാതി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ഹാർദ്ദിക്ക് പട്ടേൽ. സേനയെ മുതലെടുക്കുന്ന മോദിയോട് വെറുപ്പും, സത്യസന്ധനായ രാഹുൽ ഗാന്ധിയിൽ വിശ്വാസവുമുണ്ടെന്ന് ഹാർദ്ദിക്ക് പട്ടേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലാപകേസിലെ ശിക്ഷാ വിധി തടസ്സമായതോടെ ലോക്സഭയിൽ മത്സരിക്കാൻ നിയമവഴികൾ തേടുകയാണ് ഹാർദ്ദിക്ക് പട്ടേൽ.

പട്ടേൽ രാഷ്ട്രീയമല്ല,ഇനി എല്ലാവർക്കും വേണ്ടിയുള്ള പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. 6 കോടി ഗുജറാത്തികൾക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇനിയുള്ള ലക്ഷ്യം. സത്യസന്ധരായ വ്യക്തികളെ വിശ്വസിക്കണമെന്ന് ഹാർദ്ദിക്ക് പട്ടേൽ പറയുന്നത്. കള്ളം പറയുന്നവരെയും, സേനയെ മുതലെടുക്കുന്നവരെയും, കർഷകരുടെ പേരിൽ രാഷ്ട്രീയംകളിക്കുന്നവരെയും വിശ്വസിക്കാൻ കഴിയില്ലെന്ന് ഹാര്‍ദ്ദിക്ക് ഉറപ്പിച്ച് പറയുന്നു. രാഹുൽഗാന്ധിയെ പിന്തുണക്കുക എന്നുള്ളത് ശരിയായ നയമാണെന്ന് ഹാര്‍ദ്ദിക് വിലയിരുത്തുന്നു.

കോടതിയിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട് കോടതി പറഞ്ഞാൽ ഞാൻ മത്സരിക്കാൻ ശ്രമിക്കുമെന്ന് ഹാര്‍ദ്ദിക്ക് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലേക്കുള്ള വരവോടെ  സ്വീകരണങ്ങൾ, തെരഞ്ഞെടുപ്പ് കൂടിയാലോചനകൾ തുടങ്ങി വീണ്ടും സജീവമാകുകയാണ് ഹാര്‍ദ്ദിക്. കോണ്‍ഗ്രസിന്‍റെ ഗുജറാത്ത് പദ്ധതിയിൽ ഏറെ പ്രധാനമാണ് ഹാർദ്ദിക് പട്ടേൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എംഎൽഎമാരുടെ കൂടുമാറ്റം, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ, മുന്നോക്ക സംവരണമെന്ന മോദിയുടെ മാസ്റ്റർ സ്ട്രോക്ക്. പല തലങ്ങളിൽ തിരിച്ചടി നേടുന്ന കോണ്‍ഗ്രസിന് അടുത്തിടെ നേടാനായ രാഷ്ട്രീയ നേട്ടം ഹാർദ്ദിക്കിന്‍റെ പ്രവേശനമാണ്.

പാട്ടീദാർ പ്രക്ഷോഭത്തിലെ ഒരു കലാപകേസിൽ രണ്ട് വർഷം തടവ് തെരഞ്ഞെടുപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായപ്പോള്‍. അത് മറികടക്കുകയാണ് ഇപ്പോഴത്തെ വെല്ലുവിളി. ഹാർദ്ദിക്കിന്‍റെ ഹർജിയിൽ ഗുജറാത്ത് സർക്കാരിനോട് നിലപാടറയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി.