Asianet News MalayalamAsianet News Malayalam

അപരന്‍മാര്‍ക്ക് ആപ്പിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

17ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നുമുതല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ഇത്തവണത്തെ പെരുമാറ്റച്ചട്ടത്തില്‍ ചില പ്രത്യേക നിര്‍ദേശങ്ങള്‍ കൂടി ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Photo of candidate will be embedded in voting machine
Author
Delhi, First Published Mar 10, 2019, 8:05 PM IST

ദില്ലി: 17ാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നുമുതല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ഇത്തവണത്തെ പെരുമാറ്റച്ചട്ടത്തില്‍ ചില പ്രത്യേക നിര്‍ദേശങ്ങള്‍ കൂടി ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പ്രധാനമായും രണ്ട് നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിനായാണ്.

വിവിപാറ്റ് സംവിധാനം

തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ ക്രമക്കേട് ആരോപിക്കപ്പെടുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്നും വോട്ട് ചെയ്തിന്‍റെ വിവരങ്ങളും അടങ്ങുന്ന റസീറ്റ് വോട്ടര്‍ക്ക് ലഭിക്കുന്ന സംവിധാനമാണിത്. ഈ റസീറ്റ് പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ലെങ്കിലും വോട്ട് ചെയ്ത ആള്‍ക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.

അപരന്‍മാര്‍ക്ക് എട്ടിന്‍റെ പണി

ചില തെരഞ്ഞെടുപ്പുകളില്‍ ഫലത്തെ പോലും ബാധിക്കുന്ന തരത്തില്‍ അപരന്മാര്‍ വോട്ടുകള്‍ വാരിക്കൂട്ടാറുണ്ട്. ഇത്തരത്തില്‍ അപരന്മാരെ ഇറക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതും അതുകൊണ്ടു തന്നെയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ച പെരുമാറ്റച്ചട്ടത്തിലും മുന്നൊരുക്കങ്ങളിലും, വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ കൂടി പതിച്ചിട്ടുണ്ടാകുമെന്ന് വ്യക്തമാക്കുന്നു. അതായത് വോട്ട് ചെയ്യേണ്ട സ്വിച്ചിന് നേരെ പേരും ചിഹ്നവും ഒപ്പം തന്നെ ആരാണോ സ്ഥാനാര്‍ഥി അദ്ദേഹത്തിന്‍റെ ഫോട്ടോയും ഉള്‍പ്പെടുത്തും. ഇത് സ്ഥാനാര്‍ഥിയെ എളുപ്പം തിരിച്ചറിയാനും അപരന്മാര്‍ക്ക് വീഴുന്ന വോട്ടുകള്‍ കൃത്യമായി അതാത് സ്ഥാനാര്‍ഥികള്‍ക്ക് തന്നെ ലഭിക്കുകയും ചെയ്യും.

പരാതികള്‍ പറയാം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ വഴി പരാതി നല്‍കാം. പരാതികള്‍ പരിഗണിച്ച് കൃത്യമായ മറുപടികള്‍ നല്‍കും. 
പരാതി നല്‍കുന്നവരുടെ സ്വകാര്യത കാത്തു സൂക്ഷിക്കുമെന്നും പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തിയതായും കമ്മിഷന്‍ വ്യക്തമാക്കുന്നു. നമ്പര്‍: 1950 

തെരഞ്ഞെടുപ്പ് ചെലവില്‍ സോഷ്യല്‍ മീഡിയയും

സാമൂഹ്യ മാധ്യമങ്ങൾ വഴി നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങളുടെ ചെലവ് തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും. പെയ്ഡ് ന്യൂസുകൾ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അത്തരം രാഷ്ട്രീയ പരസ്യങ്ങൾ കൃത്യമായി നിരീക്ഷിക്കാന്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‍ഫോമുകൾക്കും ഗൂഗിളിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളും പെരുമാറ്റച്ചട്ടത്തിന് കീഴിലായിരിക്കും.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതിന്‍റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios