ദില്ലി: ഹരിയാനയിലെ ഗോപാൽ കണ്ടയുടെ പിന്തുണ വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ആദ്യം കുൽദിപ് സെൻഗർ, പിന്നെ ചിന്മയാനന്ദ് ഇപ്പോൾ ഗോപാൽ കണ്ട എന്ന് തുടങ്ങുന്ന പ്രിയങ്കയുടെ ട്വിറ്ററിൽ സ്ത്രീകളെ ബഹുമാനിക്കുന്നവർ ബിജെപിയെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു.

ലൈംഗിക പീഡനത്തെ തുടര്‍ന്ന് എയര്‍ഹോസ്റ്റസ് ഗീതക ശര്‍മ്മ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും ഹരിയാന ലോക് ഹിത് പാര്‍ട്ടി എംഎല്‍എയുമായ ഗോപാല്‍ കണ്ടയുടെ പിന്തുണ തേടിയതിനെതിരെ ബിജെപിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ന്നു. നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉമാഭാരതി, സുബ്രഹ്മണ്യം സ്വാമി എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് നീങ്ങുകയാണ്. ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ദില്ലിയില്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ ബിജെപി ഗവര്‍ണ്ണറെ കാണും. അമിത് ഷായുടെ ദില്ലിയിലെ വസതിയില്‍ ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയും ജെജെപിയും ധാരണയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കും ഉപമുഖ്യമന്ത്രി പദം ജെജപിക്കുമെന്ന ഫോര്‍മുലയില്‍ ചര്‍ച്ച വിജയിച്ചു. പിന്നാലെ മാധ്യമങ്ങളെ കണ്ട അമിത് ഷാ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്കെന്ന് പ്രഖ്യാപിച്ചു.

Also Read: ഹരിയാനയിൽ വീണ്ടും ബിജെപി സർക്കാര്‍; ജെജെപി-ബിജെപി സഖ്യമെന്ന് അമിത് ഷാ