Asianet News MalayalamAsianet News Malayalam

എകെജിക്കും സ്റ്റീഫനും ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യയുടെ 'പ്രതിപക്ഷ നേതാവ്', കണ്ണുനട്ട് രാഹുല്‍ഗാന്ധി; സാധ്യതകള്‍ അവസാനിക്കുന്നില്ല

ആദ്യ ലോക് സഭയില്‍ 364 സീറ്റുകള്‍ നേടിയാണ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 16 അംഗങ്ങളുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പ്രതിപക്ഷനിരയില്‍ ഒന്നാമതെത്തിയത്. കണ്ണൂരില്‍ നിന്നാണ് എ കെ ജി പാര്‍ലിമെന്‍റിലെത്തിയതെങ്കില്‍ രാഹുല്‍ വയനാട്ടില്‍ നിന്നാണെന്ന് മാത്രം

rahul gandhi may be the opposition leader of india after ak gopalan from kerala
Author
Thiruvananthapuram, First Published May 25, 2019, 10:58 PM IST

തിരുവനന്തപുരം: ഒന്നരമാസക്കാലം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളെല്ലാം അവസാനിച്ച് ഫലവും പുറത്തുവന്നപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലെ രണ്ടാം ഊഴം നേടിയെടുത്തിരിക്കുകയാണ്. മുന്നണിയെ മുന്നില്‍ നിന്ന് നയിച്ച മോദിയെ നേതാവായി തെരഞ്ഞെടുക്കാന്‍ ബിജെപിക്ക് അധിക സമയം വേണ്ടിവന്നില്ല. ഇന്ദ്രപ്രസ്ഥത്തിലെ പ്രധാനമന്ത്രി കസേരയില്‍ മോദി അമര്‍ന്നിരിക്കുമ്പോള്‍ രാജ്യത്തിന് ഇക്കുറിയെങ്കിലും പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുമോയെന്നറിയാനുള്ള ആകാംഷ അവസാനിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക പ്രതിപക്ഷ നേതൃ സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും കേരളത്തിന് ആഹ്ളാദിക്കാന്‍ വകയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം എ കെ ഗോപാലനും സി എം സ്റ്റീഫനും ശേഷം കേരളത്തില്‍ നിന്ന് ജയിച്ച് ലോക് സഭയിലെത്തിയ ഒരാള്‍ രാജ്യത്തിന്‍റെ പ്രതിപക്ഷ നേതൃ നിരയുടെ മുഖമാകുകയാണ്. ഔദ്യോഗിക സ്ഥാനം ലഭിച്ചില്ലെങ്കിലും രാഹുലാകും പ്രതിപക്ഷ നിരയുടെ നേതാവ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. 1952 ല്‍ ആദ്യ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക സ്ഥാനം ലഭിച്ചില്ലെങ്കിലും എ കെ ജിയായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവായി അംഗീകരിക്കപ്പെട്ടത്. പിന്നീട് അദ്ദേഹത്തിന്‍റെ പ്രതിമ, പ്രതിപക്ഷ കക്ഷികളുടെ ആദ്യ നേതാവ് എന്ന നിലയില്‍ പാര്‍ലമെന്‍റില്‍ സ്ഥാപിക്കുകയും ചെയ്തു. 489 അംഗ ആദ്യ ലോക് സഭയില്‍ 364 സീറ്റുകള്‍ നേടിയാണ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 16 അംഗങ്ങളുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പ്രതിപക്ഷനിരയില്‍ ഒന്നാമതെത്തിയത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യമാകെ കോണ്‍ഗ്രസ് തിരിച്ചടി ഏറ്റുവാങ്ങിയപ്പോഴാണ് ഇടുക്കിയില്‍ നിന്ന് ലോക് സഭയിലെത്തിയ സി എം സ്റ്റീഫന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. എ കെ ജിക്ക് ഔദ്യോഗിക സ്ഥാനം ലഭിച്ചിട്ടില്ലാത്തതിനാല്‍ സ്റ്റീഫനാണ് കേരളത്തില്‍ നിന്ന് ജയിച്ചവരില്‍ നിന്ന് രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിയത്.

പ്രധാനമന്ത്രി പദത്തിനായുള്ള അങ്കം കുറിച്ച രാഹുല്‍ ഗാന്ധി, ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവിയെങ്കിലും പിടിച്ചെടുക്കുമോയെന്ന് കണ്ടറിയണം. കഴിഞ്ഞ തവണ 44 സീറ്റിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് ഇക്കുറി 8 നില മെച്ചപ്പെടുത്തിയെങ്കിലും ഔദ്യോഗികമായി പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാനുള്ള അംഗബലം നേടിയിട്ടില്ല. പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിക്കാന്‍ 54 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസിനാകട്ടെ 52 സീറ്റുകള്‍ മാത്രമാണ് അക്കൗണ്ടിലാക്കാനായത്. കേവലം രണ്ട് സീറ്റില്‍ തട്ടി ഇക്കുറിയും പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമുണ്ടാകാനുള്ള സാധ്യതകളാണ് കൂടുതലും. എന്നാല്‍ രണ്ടാമൂഴത്തിന്‍റെ തുടക്കത്തില്‍ വിശാലത കാണിക്കുന്ന മോദി, കോണ്‍ഗ്രസിനോട് കനിവ് കാട്ടാനുള്ള സാധ്യത പലരും ചൂണ്ടാകാട്ടുന്നു. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും വീട്ടില്‍ പോയി കണ്ട മോദിയുടെ പിന്നീടുള്ള പ്രസംഗങ്ങളും വിശാലത പ്രകടിപ്പിക്കുന്നതാണ്.

കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന ആശയം പങ്കുവയ്ക്കുന്ന മോദി-അമിത് ഷാ കൂട്ടുകെട്ട് അങ്ങനെയൊരു വിശാലത കാട്ടുമെന്ന് ഉറപ്പിക്കാനും വയ്യ. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി എങ്ങനെ പ്രതിപക്ഷ നേതാവ് ആകുമെന്ന ചോദ്യമാണ് പിന്നീട് ഉയരുന്നത്. സാധ്യതകള്‍ അപ്പാടെ അവസാനിച്ചു എന്ന് പറയാനാകില്ല. രാഹുലിന് മുന്നില്‍ സാധ്യതകള്‍ ഏറെയുണ്ട്. അതിന് ആദ്യം വേണ്ടത് പ്രതിപക്ഷത്തുള്ള കക്ഷികളുടെ ഐക്യം ഉറപ്പാക്കണം. എന്നിട്ട് പ്രതിപക്ഷ നേതാവ് സ്ഥാനം നേടിയെടുക്കേണ്ടതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തണം. തെരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുള്ള വെല്ലൂരില്‍ ഡി എം കെയ്ക്കൊപ്പം നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിച്ചാല്‍ രാഹുലിന്‍റെ സാധ്യത തെളിയും. പ്രതിപക്ഷനിരയില്‍ കരുത്തുകാട്ടിയ ഡി എം കെ, കോണ്‍ഗ്രസിനെ മത്സരിപ്പിക്കുമോയെന്ന് കണ്ടറിയണം.

വെല്ലുരില്‍ മത്സരിച്ച് ജയിക്കാനായാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള അകലം ഒന്നായി കുറയും. ഉപതെരഞ്ഞെടുപ്പുകള്‍ യഥേഷ്ടം നടക്കാറുള്ളതിനാല്‍, ആദ്യം തന്നെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിച്ചാല്‍ രാഹുലിന് സ്ഥാനം നേടിയെടുക്കാം. 54 കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലിമെന്‍റില്‍ ഉറപ്പാക്കാനായാല്‍ ഔദ്യോഗികമായി തന്നെ രാഹുലിന് സ്ഥാനം നേടിയെടുക്കാം. ഏതെങ്കിലും സ്വതന്ത്ര എം പിയെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെത്തിച്ചാലും രാഹുലിന്‍റെ രാശി തെളിയും. പാര്‍ലമെന്‍റംഗമുള്ള യു പി എ ഘടക കക്ഷികളിലെതെങ്കിലും ഒരു പാര്‍ട്ടി കനിഞ്ഞാലും രാഹുലിന് നേതാവാകാം. വിജയമുറപ്പുള്ള സീറ്റില്‍ ഘടകകക്ഷി എംപി രാജിവച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ച് ജയിക്കണമെന്ന് മാത്രം. ഇപ്പറഞ്ഞ സാധ്യതകളൊക്കെ അത്ര എളുപ്പമുള്ളതല്ലെന്ന് കോണ്‍ഗ്രസിന് ഉത്തമ ബോധ്യമുണ്ടാകും. മാത്രമല്ല, ജയിച്ചുകയറിയ കോണ്‍ഗ്രസ് എം പി മാരില്‍ എത്രപേര്‍ ഒപ്പം നില്‍ക്കും എന്നതാണ് മറ്റൊരു പ്രശ്നം. കൂടുമാറ്റത്തിന് സാധ്യതയുള്ള നേതാക്കളെ നിലയ്ക്ക് നിര്‍ത്തലാകും കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു വെല്ലുവിളി.

Follow Us:
Download App:
  • android
  • ios