Asianet News MalayalamAsianet News Malayalam

വീണ്ടും 'ഗോളടിച്ച്' കൊച്ചി മെട്രോ! ഐഎസ്എൽ മത്സര ദിവസം രാത്രി എട്ട് മണിവരെയുള്ള യാത്രക്കാർ 1,12,482

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തെരഞ്ഞെടുത്തത് കൊച്ചി മെട്രോ.

112482 passengers till 8 pm in Kochi Metro  scoring Indian Super League match ppp
Author
First Published Oct 21, 2023, 9:25 PM IST

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തെരഞ്ഞെടുത്തത് കൊച്ചി മെട്രോ. ഇളവുകളടക്കം പ്രയോജനപ്പെടുത്തി രാത്രി 8 മണി വരെ 1,12,482 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസ് ഒരുക്കിയരുന്നു. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11.30ന് ആയിരിക്കും. രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ട്.

മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സൌകര്യമൊരുക്കിയിരുന്നു. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്ത് നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനും സൌകര്യമുണ്ട്.

കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധികസർവ്വീസ് ഏർപ്പെടുത്തുന്നുണ്ട്.  പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. 

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൌകര്യം ഉപയോഗിക്കാവുന്നതാണ്. തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് ബസ്സുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. അൻപത് കാറുകളും 10 ബസ്സുകളും ഒരോ സമയം പാർക്ക് ചെയ്യാനുള്ള സൌകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.

Read more:  ചെറിയ ഇളവല്ല! 10 മണിക്ക് ശേഷം ടിക്കറ്റെടുക്കൂ, 50 ശതമാനം ഡിസ്ക്കൗണ്ട് സ്വന്തമാക്കാം; വമ്പൻ ഓഫറുമായി മെട്രോ

 പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസ്സുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാർഗ്ഗം വരുന്നവർക്ക് വൈറ്റിലയിൽ നിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽ നിന്ന് വരുന്നവർക്ക് എസ് എൻ ജംഗ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽ നിന്ന് മെട്രോ സേവനം ഉപയോഗിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios