ദില്ലി: ഇപിഎഫ് വരിക്കാര്‍ക്ക് ഇത്തവണത്തെ പലിശ രണ്ട് ഘട്ടമായി നല്‍കാന്‍ തീരുമാനം. നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെയാണ് പലിശ രണ്ട് ഘട്ടമായി നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റ് തീരുമാനിച്ചത്. കൊവിഡ് മൂലമുണ്ടായ പ്രത്യേക സാഹചര്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 

ആദ്യഘട്ടത്തില്‍ 8.15 ശതമാനം പലിശ നല്‍കും. രണ്ടാം ഘട്ടമായ 0.35 ശതമാനം അടുത്ത ഡിസംബറില്‍ നല്‍കും. ആദ്യ ഘട്ടം ഉടന്‍ വരിക്കാരുടെ അക്കൗണ്ടില്‍ നല്‍കുമെന്നും ഇപിഎഫ്ഒ അധികൃതര്‍ അറിയിച്ചു. അതേസമയം 8.50 ശതമാനത്തില്‍ നിന്ന് പലിശ കുറയില്ലെന്നും ഇപിഎഫ്ഒ വ്യക്തമാക്കി. ഓഹരി നിക്ഷേപം നഷ്ടത്തിലായതും മറ്റ് നിക്ഷേപങ്ങളിലെ ലാഭത്തില്‍ ഇടിവു വന്നതുമാണ് പലിശ ഘട്ടമായി നല്‍കാനുള്ള പ്രധാന കാരണം.

പലിശ കുറക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇത്തവണ പലിശ 8.50 ശതമാനമായി നിലനിര്‍ത്താന്‍ ഇപിഎഫ്ഒ തീരുമാനിക്കുകയായിരുന്നു. കൊവിഡ് വ്യാപനം മൂലം ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടായി. 8.3 ശതമാനമാണ് നഷ്ടമുണ്ടായത്. കഴിഞ്ഞ വര്‍ഷം 14.7 ശതമാനമായിരുന്നു ലാഭം. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 31,501 കോടി രൂപയാണ് ഇപിഎഫ്ഒ നിക്ഷേപിച്ചത്. കഴിഞ്ഞ വര്‍ഷം 8.65 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായി പിഎഫ് പലിശ കുറക്കുകയായിരുന്നു.