തിരുവനന്തപുരം: ശുദ്ധജല വിതരണത്തിനായി പ്രളയത്തിന് മുന്‍പ് എഡിബിയോട് ചോദിച്ച വായ്പ പ്രളയ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമാക്കുന്നു. പ്രളയത്തിന് മുന്‍പ് എഡിബിയോട് 1,722 കോടി രൂപയാണ് കേരളം വായ്പയായി ആവശ്യപ്പെട്ടത്. ഈ തുകയാണ് ഇപ്പോള്‍ ഏഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്ക് (എഡിബി) അനുവദിച്ചു നല്‍കിയിരിക്കുന്നത്. 

വായ്പ നല്‍കാമെന്ന് എഡിബി അറിയിച്ചതായി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സിഇഒ ഡോ. വി വേണു പറഞ്ഞു. എഡിബി നല്‍കുന്ന തുക പ്രളയ പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമാക്കും. വായ്പയായി ലഭിക്കുന്ന തുക പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്ന ജലവിതരണ സംവിധാനം മെച്ചപ്പെടുത്താനായി ചെലവഴിക്കും. ഇനി ഇക്കാര്യത്തില്‍ എഡിബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്‍റെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. 

പ്രളയ പുനര്‍നിര്‍മാണത്തിനായുളള ലോക ബാങ്കിന്‍റെ ആദ്യഗഡുവായ്പയായ 1750 കോടി രൂപ ഈയിടെ അനുവദിച്ചിരുന്നു. ജര്‍മന്‍ വികസന ബാങ്കിന്‍റെ (കെഎഫ്സബ്യു) ആദ്യ ഗഡുവായ 720 കോടി രൂപ ഈ മാസം തന്നെ സര്‍ക്കാരിന് ലഭ്യമാകും. പ്രളയ പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തിന് ആകെ 31,000 കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്.