കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. സ്വർണ വില ഇന്ന് ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും വർധിച്ചു. ​ഗ്രാമിന് 4,675 രൂപയാണ് ഇന്നത്തെ സ്വർണത്തിന്‍റെ വിൽപ്പന നിരക്ക്. പവന് 37,400 രൂപയും.

കഴിഞ്ഞ ദിവസം ​ഗ്രാമിന് 4,660 രൂപയായിരുന്നു നിരക്ക്. പവന് 37,280 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) അന്താരാഷ്‌ട്ര വിപണിയിൽ 1,868 ഡോളറാണ് നിലവിലെ നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറിക‌ടന്നത്. ജൂലൈ ഒന്നിന് ​ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു. 

ആഗോള തലത്തിൽ സ്വർണത്തിൽ നിക്ഷേപങ്ങൾ കൂടുന്നതാണ് സ്വര്‍ണ്ണവില കുതിച്ചുയരാൻ കാരണം. നിക്ഷേപങ്ങൾ കൂടുന്നതിനാൽ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത. ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ദുർബലമായ ഇക്വിറ്റി മാർക്കറ്റുകൾ, സാമ്പത്തിക ശക്തികൾക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങൾ, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോർട്ടുകൾ തുടങ്ങിയവയാണ് സ്വർണത്തെ നിക്ഷേപകർക്കിടയിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്.