ദില്ലി: കുറഞ്ഞ നിരക്കിന് വിമാനയാത്ര സാധ്യമാക്കിയിരുന്ന മറ്റൊരു വിമാനക്കമ്പനി കൂടി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. മലേഷ്യൻ കമ്പനി എയർ ഏഷ്യ ഗ്രൂപ്പാണ് ഇന്ത്യയിലെ നിക്ഷേപം പിൻവലിക്കാനൊരുങ്ങുന്നത്. 

സാമ്പത്തികമായുണ്ടായ തിരിച്ചടിയുടെ കൂടി പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം. ജപ്പാനിലെ പ്രവർത്തനം ഈയടുത്താണ് കമ്പനി നിർത്തിയത്. ടാറ്റ സൺസുമായി ചേർന്നാണ് ഇന്ത്യയിൽ എയർ ഏഷ്യയുടെ പ്രവർത്തനം. 49 ശതമാനം ഓഹരിയാണ് എയർ ഏഷ്യക്ക് ഈ പങ്കാളിത്തത്തിൽ ഉള്ളത്.

ടാറ്റ സൺസ് തന്നെ എയർ ഏഷ്യയുടെ ഓഹരികൾ വാങ്ങുമെന്നാണ് കരുതുന്നത്. അതേസമയം തങ്ങൾ വീണ്ടും കൂടുതൽ കരുത്തോടെ വരുമെന്നാണ് എയർ ഏഷ്യ ഗ്രൂപ്പ് പറയുന്നത്. കൊവിഡ് വാക്സിനുകൾ ഉടൻ ലഭ്യമാകുമെന്നതും വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതും കമ്പനി പ്രതീക്ഷയോടെയാണ് കാണുന്നത്.