Asianet News MalayalamAsianet News Malayalam

Akshaya Tritiya 2022 : അക്ഷയ തൃതീയ മെയ് 3 ന്; വരവേൽപിനൊരുങ്ങി സ്വര്‍ണാഭരണ വിപണി

നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്.

Akshaya Tritiya 2022 may 3
Author
Trivandrum, First Published Apr 29, 2022, 12:11 PM IST

തിരുവനന്തപുരം : സ്വർണവ്യാപാരത്തെ സജീവമാക്കാൻ അക്ഷയതൃതീയ എത്തുന്നു. ആഭരണം വാങ്ങുന്നവര്‍ക്ക് നല്ലദിനമായി കണക്കാക്കുന്ന അക്ഷയതൃതീയക്കായി  കേരളത്തിലെ സ്വര്‍ണാഭരണ വിപണി ഒരുങ്ങി കഴിഞ്ഞു. മെയ് 3 നാണ് ഈ വർഷത്തെ അക്ഷയതൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. ചെറിയ ആഭരണങ്ങളും സ്വർണനാണയങ്ങളുമാണ് ഈ ദിനത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. സ്വർണം വാങ്ങാന്‍ ഏറ്റവും ശുഭദിനമായി കണക്കാക്കുന്ന അക്ഷയ തൃതീയ നാളില്‍  ഉപഭോക്താക്കൾ ആഘോഷ പൂർവ്വമാണ് സ്വർണാഭരണങ്ങൾ വാങ്ങാനെത്തുന്നത്. 

കൊവിഡ് 19 പ്രതിസന്ധികളെ തുടർന്ന് 2020 ലും 2021 ലും  അക്ഷയതൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും ഓൺലൈൻ വ്യാപാരം നടന്നിരുന്നു. 2019 ൽ 10 ലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ 12,000 ഓളം സ്വർണ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയത്. കൊവിഡ് 19 നെ തുടർന്നുണ്ടായ നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടായതോടുകൂടി ഇത്തവണ സ്വർണ മേഖല കൂടുതൽ ഉണര്വോടെയാണ് പ്രവർത്തിക്കുന്നത്. പരമ്പരാഗതമായ ഉത്സവാഘോഷത്തോടെ ഇത്തവണത്തെ അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങുകയാണ് സ്വർണ വ്യാപാര മേഖല എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) അറിയിച്ചു. 

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്വർണവിലയിൽ കുറവുണ്ടായത് സ്വര്‍ണ വ്യാപാരികള്‍ക്ക് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്. ഇവ പലതും ആളുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞതായി ജ്വല്ലറി ഉടമകള്‍ പറയുന്നു. സാധാരണ വില്‍പ്പനയുടെ അഞ്ച് മടങ്ങ് സ്വര്‍ണ നാണയ വില്‍പ്പന അക്ഷയ തൃതീയ ദിനത്തിൽ നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. 

സാധാരണ അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1,500 കിലോ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. ഏതാണ്ട് 500 കോടി രൂപയുടെ മൂല്യം വരുമിത്. സ്വര്‍ണ നാണയങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും കൂടാതെയാണ് ഇത്രയും ഉയര്‍ന്ന വില്‍പ്പന നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ഏതാണ്ട് 600 മുതല്‍ 700 കിലോ വില്‍പ്പന നടക്കുന്ന സ്ഥാനത്താണിത്. അതായത് 225 കോടി മുതല്‍ 250 കോടി രൂപ വരെ മൂല്യം. 

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് (ചാന്ദ്രദിനം) അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്. വരൾച്ചയിൽ നിന്നും ഭൂമിക്ക് സാന്ത്വന സ്പർശമായി ഭഗീരഥ മുനിയുടെ തപസിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം.ബലഭദ്രൻ ജനിച്ച ദിവസം കൂടിയാണ് അക്ഷയ് തൃതീയ. ഈ ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു.അക്ഷയ തൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതന കാലം മുതലേ വിശ്വാസമുണ്ട്.

Follow Us:
Download App:
  • android
  • ios