ദില്ലി: അന്താരാഷ്ട്ര ബ്രാൻഡുകളെ ക്ഷണിച്ചുകൊണ്ട് കൂട്ടായ്മ ശക്തിപ്പെടുത്തി ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൊയ്യാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നു. ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്മെന്റ്  പ്രമോഷൻ ഫെസിലിറ്റേഷൻ ഏജൻസിയുമായി സഹകരിച്ചാണ് ആമസോൺ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ആമസോണിന്‍റെ ശ്രമം.

ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്മെന്റ്  പ്രമോഷൻ ഫെസിലിറ്റേഷൻ ഏജൻസി, ഇന്ത്യയിലേക്ക് സുസ്ഥിര നിക്ഷേപം സുഗമമാക്കുന്നതിനും വിദേശ നിക്ഷേപകർക്ക് ധാരാളം നിക്ഷേപ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്ത് വിദേശ നിക്ഷേപം കൂടുതൽ ഉയർത്തുന്നതിനായി വിവിധ ബിസിനസ്, നിക്ഷേപ അവസരങ്ങൾ അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് നൽകും.

 ഇ-കൊമേഴ്സ് കയറ്റുമതി മാർഗ്ഗങ്ങളിലൂടെ ഇന്ത്യൻ ബ്രാൻഡുകൾക്ക് അന്താരാഷ്ട്ര വിപണികളിലെത്താനുള്ള ഒരു വേദിയും, വിപണന മാർഗ്ഗനിർദ്ദേശവും ആമസോൺ  നൽകും. ഇന്ത്യൻ ബ്രാൻഡുകൾക്ക് പുതിയതും വലുതുമായ വിപണികൾ കയ്യടക്കാൻ  ഇത് കാരണമാകും. 

'താൽപ്പര്യമുള്ള ബ്രാൻഡുകളുമായുള്ള ആഴത്തിലുള്ള ചർച്ചകൾക്കായി ഞങ്ങൾ സമർപ്പിത വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ഞങ്ങളുടെ വ്യക്തിഗത സേവന ആവശ്യങ്ങൾ നിറവേറ്റുന്ന സേവന ദാതാക്കളുടെ ശ്രേണിയിലേക്ക് എത്തിച്ച് വിജയത്തിലേക്ക്  അവരെ കൈപിടിച്ച് ഉയർത്താൻ  സഹായിക്കുകയും ചെയ്യും'. ആമസോൺ ഇന്ത്യ സെല്ലർ സർവീസസ് വൈസ് പ്രസിഡന്റ് ഗോപാൽ പിള്ള പറഞ്ഞു.