കഴിഞ്ഞ മാസമാണ് അനിൽ അംബാനിക്കെതിരെ സെബി നടപടിയെടുത്തത്. ഇദ്ദേഹത്തിന്റെ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനെയും മറ്റ് മൂന്ന് വ്യക്തികളെയും വിലക്കിയിട്ടുണ്ട്
മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി രണ്ട് ഉപ കമ്പനികളിലെ ഡയറക്ടർ പദവി രാജിവെച്ചു. റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെ ഡയറക്ടർ സ്ഥാനമാണ് രാജിവെച്ചത്. ലിസ്റ്റഡ് കമ്പനികളുമായി ബന്ധപ്പെടുന്നതിൽ നിന്ന് സ്റ്റോക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിലക്കിയതോടെയാണിത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. റിലയൻസ് പവറിലെ നോൺ എക്സിക്യുട്ടീവ് ഡയറക്ടർ പദവിയും റിലൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ബോർഡ് ഓഫ് ഡയറക്ടർ പദവിയിൽ നിന്നുമാണ് പടിയിറക്കം.
കഴിഞ്ഞ മാസമാണ് അനിൽ അംബാനിക്കെതിരെ സെബി നടപടിയെടുത്തത്. ഇദ്ദേഹത്തിന്റെ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനെയും മറ്റ് മൂന്ന് വ്യക്തികളെയും വിലക്കിയിട്ടുണ്ട്. വിപണിയിൽ അനാരോഗ്യകരമായ ഇടപെടൽ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിലെ സീനിയർ എക്സിക്യുട്ടീവുമാരായ അമിത് ബപ്ന, രവീന്ദ്ര സുധാകർ, പിങ്കേഷ് ആർ ഷാ എന്നിവരാണ് വിലക്കപ്പെട്ട മറ്റ് മൂന്ന് പേർ. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് കമ്പനിയുടെ ഫണ്ട് വകമാറ്റിയെന്നതാണ് പ്രധാന കുറ്റം. സാമ്പത്തിക രേഖകളിൽ കൃത്രിമത്വം കാട്ടി, സാമ്പത്തിക രേഖകളിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സെബി ആരോപിച്ചിരിക്കുന്നത്.
അനിൽ അംബാനിയാണ് റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിന്റെ ചെയർമാൻ. ടോപ് മാനേജ്മെന്റിന് തട്ടിപ്പ് നടത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നുവെന്നാണ് ആരോപണം. എന്നാൽ റിലയൻസ് ഹോം ഫിനാൻസ് ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. അമിത് ബപ്ന, രവീന്ദ്ര സുധാകർ, പിങ്കേഷ് ആർ ഷാ എന്നിവർ ടോപ് മാനേജ്മെന്റിന്റെ തെറ്റായ നീക്കങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകിയെന്നാണ് സെബിയുടെ കുറ്റപ്പെടുത്തൽ. കണക്കുകളിൽ കള്ളത്തരം കാട്ടി പൊതുജനത്തെ ഇവർ തെറ്റിദ്ധരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
