ഇന്ത്യൻ വിപണിയിൽ തരംഗമായി ആപ്പിൾ. ഉത്സവ വില്പനയിൽ വമ്പൻ കിഴിവുകൾ നടത്തി റെക്കോർഡിട്ടു.  ആപ്പിളിന്റെ വിപണന തന്ത്രം ഫലിച്ചു. 

ദില്ലി: രാജ്യത്ത് ഉയർന്ന വരുമാനം റിപ്പോർട്ട് ചെയ്ത് ആപ്പിൾ. സെപ്തംബറിൽ അവസാനിച്ച പാദത്തിലാണ് സ്‌മാർട്ട്‌ഫോണുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയുടെ ഉയർന്ന വിൽപനയിലൂടെ ആപ്പിൾ ഉയർന്ന വരുമാനം നേടിയിരിക്കുന്നത്. ലാപ്‌ടോപ്പ് വില്പനയിലാണ് ആപ്പിൾ കൂടുതൽ വിപണി വിഹിതം നേടിക്കൊണ്ടിരിക്കുന്നത്. ഐപാഡുകളും മാക്‌ബുക്കുകളും ഇന്ത്യൻ വിപണിയിൽ കാലുറപ്പിക്കാൻ ആപ്പിളിനെ സഹായിച്ചു. 

സെപ്റ്റംബർ പാദത്തിൽ ആപ്പിൾ 90.1 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. സാധാരണ ആപ്പിളിന്റെ ഐഫോണാണ് ഇന്ത്യൻ വിപണിയിൽ കൂടുതൽ മുന്നേറ്റം നടത്താറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മറ്റ്‌ ഉത്‌പന്നങ്ങളും വിപണിയിൽ കൂടുതൽ മുന്നേറുന്നുണ്ട് എന്ന് കൗണ്ടർപോയിന്റ് ഇന്ത്യയുടെ ഗവേഷണ ഡയറക്ടർ തരുൺ പഥക് പറഞ്ഞു.

ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

എതിരാളികളായ മെറ്റാ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് ഈ പാദത്തിൽ നിക്ഷേപകരെ നിരാശരാക്കിയപ്പോൾ ആപ്പിൾ ത്രൈമാസ വരുമാനത്തിൽ നിക്ഷേപകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നു. കഴിഞ്ഞ രണ്ട് വർഷമായി ആപ്പിൾ ഇന്ത്യയിൽ ശക്തമായ പ്രകടനം ആണ് കാഴ്ച വെക്കുന്നത്. ജൂൺ പാദത്തിലും ഇന്ത്യൻ യൂണിറ്റ് റെക്കോർഡ് ത്രൈമാസ വരുമാനം റിപ്പോർട്ട് ചെയ്തതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് പറഞ്ഞു. ഇത് കമ്പനിയുടെ പുതിയ സർവകാല റെക്കോർഡ് ആണെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്കാ മാസ്‌ട്രി പറഞ്ഞു.

ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഏറ്റവും വലിയ വിപണി വിഹിതം ആപ്പിളിനുണ്ട്. 30,000 രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം സ്‌മാർട്ട്‌ഫോണുകളുടെ 44 ശതമാനം വിപണി വിഹിതം ആപ്പിളിന് സ്വന്തമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആപ്പിളിന്റെ വരുമാനം 46 ശതമാനം ഉയർന്ന് 33,312.9 കോടി രൂപയായി. അറ്റാദായം 3 ശതമാനം ഉയർന്ന് 1,263 കോടി രൂപയായി. ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ കയറ്റുമതി ഏകദേശം 4.8 ദശലക്ഷം യൂണിറ്റിലെത്തി.