ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി അശ്വനി ഭാട്ടിയ ചുമതലയേറ്റു. നിലവില്‍ കമ്പനിയുടെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ. അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് ബാങ്കിന്റെ മറ്റ് മൂന്ന് മാനേജിങ് ഡയറക്ടര്‍മാര്‍. 2022 മെയ് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത് വരെയാണ് ഭാട്ടിയയുടെ നിയമനം.

ഐടി, സ്‌ട്രെസ്ഡ് അസറ്റ് റസൊല്യൂഷന്‍ ഗ്രൂപ്പിന്റെയും ചുമതലയാണ് ഭാട്ടിയ വഹിക്കുക. ഈ നിയമനത്തിന് മുന്‍പ് ഭാട്ടിയ എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായിരുന്നു. 35 വര്‍ഷം ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു ഇദ്ദേഹം. എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റിലെത്തും മുന്‍പ് എസ്ബിഐയുടെ കോര്‍പ്പറേറ്റ് സെന്ററില്‍ ചീഫ് ജനറല്‍ മാനേജറായിരുന്നു. 

ഭാട്ടിയ 1985 ലാണ് എസ്ബിഐയില്‍ ജോലി ആരംഭിക്കുന്നത്. പ്രൊബേഷണറി ഓഫീസറായിട്ടായിരുന്നു നിയമനം. ആഗ്രയിലെ ദയല്‍ബാഗില്‍ നിന്നും ഫിസിക്‌സിലും കണക്കിലുമായിരുന്നു ഭാട്ടിയ ബിരുദം നേടിയത്. പിന്നീട് ജയ്പൂറിലെ പോഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കി. അതേസമയം തിങ്കളാഴ്ച എസ്ബിഐയുടെ ഓഹരി വില 201.40 രൂപയിലെത്തി. 1.54 ശതമാനം വളര്‍ച്ചയാണ് ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഇന്ന് രേഖപ്പെടുത്തിയത്.