ദില്ലി: വീണ്ടും നിരക്ക് വർധന വേണ്ടിവരുമെന്ന് സൂചന നൽകി ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റൽ. കമ്പനിക്ക് ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയിലേക്കും തുടർന്ന് 300 രൂപയിലേക്കും വർധിച്ചാൽ മാത്രമേ ഒരു സുസ്ഥിര വികസന മാതൃകയായി വിലയിരുത്താനാവൂ എന്ന് വിറ്റൽ പറഞ്ഞു.

ജൂൺ പാദത്തിൽ 15933 കോടിയാണ് കമ്പനിയുടെ നഷ്ടം. ശരാശരി ഉപഭോക്തൃ വരുമാനം 157 രൂപയാണ്. ജനുവരി-മാർച്ച് പാദത്തിൽ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 154 രൂപയായിരുന്നു. മൂന്ന് രൂപയുടെ വർധനവാണ് 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഉണ്ടായത്. ഡിസംബറിൽ താരിഫ് നിരക്കുകളിൽ 42 ശതമാനം വർധനവ് കമ്പനി വരുത്തിയിരുന്നു.

എജിആർ കുടിശിക ഇനത്തിൽ എയർടെൽ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നൽകാനുള്ളത് 43780 കോടിയാണ്. ഇതിൽ 18000 കോടി കമ്പനി ഇതിനോടകം നൽകി. എജിആർ കുടിശിക വീണ്ടും കണക്കുകൂട്ടണമെന്ന ആവശ്യമാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്. വൊഡഫോൺ ഐഡിയക്കൊപ്പം എയർടെല്ലും 15 വർഷ കാലാവധി തുക അടയ്ക്കാൻ ചോദിച്ചിട്ടുണ്ട്.

5ജിയുടെ അടിസ്ഥാന പ്രശ്നം സ്പെക്ട്രം ചെലവാണ്. ഏത് ബിസിനസ് മോഡലിനും പ്രവർത്തിക്കാനാവുന്നതിലും വളരെയധികമാണ് ഈ തുക. സ്പെക്ട്രത്തിന്റെ ചെലവ് താഴ്ത്തണം. എങ്കിൽ മാത്രമേ ഈ വിപണിയിൽ കമ്പനികൾക്ക് നിലനിൽക്കാൻ സാധിക്കൂവെന്നും വിറ്റൽ അഭിപ്രായപ്പെട്ടു.