ദില്ലി: റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ചുമതലപ്പെടുത്തിയ ബിമല്‍ ജലാന്‍ പാനല്‍ റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിച്ചേക്കും. റിസര്‍വ് ബാങ്കിനാണ് പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 

റിപ്പോര്‍ട്ടില്‍ കരുതല്‍ ധനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്  50,000 കോടി രൂപ കൈമാറാനുളള ശുപാര്‍ശ ഉണ്ടായേക്കുമെന്നാണ് സൂചന. മുന്‍പ് കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കം മുന്‍ ഗവര്‍ണര്‍ ഊർജിത് പട്ടേലിന്‍റെ രാജിക്ക് വരെ കാരണമായിരുന്നു. കരുതല്‍ ധനം സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിന് ബിമല്‍ ജലാന്‍ പാനലിന് രൂപം നല്‍കിയത്.   

അസറ്റ് ഡെവലപ്പ്മെന്‍റ് ഫണ്ട്, കറന്‍സി ആന്‍ഡ് ഗോള്‍ഡ് റീവാല്യവേഷന്‍ ഫണ്ട്, ഇന്‍വെസ്റ്റ്മെന്‍റ് റീവാല്യവേഷന്‍ അക്കൗണ്ട് റീ- സെക്യൂരിറ്റീസ് തുടങ്ങിയ വിവിധ ഫണ്ടുകളിലായി ആകെ 9.59 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനമായി സൂക്ഷിച്ചിരിക്കുന്നത്.