ദില്ലി: ഭൂമിയിടപാടുമായി ബന്ധപ്പെട്ടെത്തിയ ആളിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ദില്ലി വികസന അതോറിറ്റിയിലെ മൂന്ന് ജീവനക്കാരെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. അസിറ്റന്റ് ഡയറക്ടർ സുധാൻഷു രഞ്ജൻ, യുഡി ക്ലർക് അജീത് ഭരദ്വാജ്, സുരക്ഷാ ഉദ്യോഗസ്ഥനായ ദർവൻ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കുടിലിൽ താമസിച്ചിരുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നയാൾക്ക് ദില്ലി വികസന അതോറിറ്റി അനുവദിച്ചതായിരുന്നു ഭൂമി. ഇത് ഉടമ മറ്റൊരാൾക്ക് വിറ്റു. ദില്ലി വികസന അതോറിറ്റിയുടെ രേഖകളിൽ ഭൂവുടമയുടെ പേരിന്റെ സ്ഥാനത്ത് പേര് മാറ്റണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് വിൽക്കാനായി ഇയാൾ വീണ്ടും അതോറിറ്റിയെ ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

ഭൂമി വാങ്ങിയ ആളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കേസെടുത്തു. പിന്നീട് സിബിഐ തന്നെ ഒരു ലക്ഷം രൂപ ഭൂവുടമയ്ക്ക് നൽകി. ഈ തുക ഉദ്യോഗസ്ഥർക്ക് കൈമാറാൻ ആവശ്യപ്പെട്ടു. ഇവർ പണം സ്വീകരിച്ചതോടെ പിടിയിലാവുകയായിരുന്നു. പ്രതികളുടെ ദില്ലിയിലെ ഓഫീസിലും നോയ്‌ഡയിലെ താമസ സ്ഥലത്തും സിബിഐ റെയ്ഡ് നടത്തി.