Asianet News MalayalamAsianet News Malayalam

Govt To Own 36% In Vodafone Idea : വൊഡാഫോൺ ഐഡിയക്ക് ഇനി കേന്ദ്രം മുതലാളി, കുടിശ്ശിക തീർക്കാൻ ഓഹരിവാങ്ങും

സ്പെക്ട്രം ലേലത്തിലെ കുടിശ്ശികയായി കോടിക്കണക്കിന് രൂപയാണ് വൊഡാഫോൺ ഐഡിയ കേന്ദ്രസർക്കാരിന് നൽകാനുള്ളത്. കുടിശ്ശിക തീർക്കാനാവത്തത് കമ്പനിയെ ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരുന്നു

Center to acquire major share in Vodafone Idea
Author
Delhi, First Published Jan 11, 2022, 10:58 AM IST

ദില്ലി: രാജ്യത്തെ പ്രമുഖ മൊബൈൽ നെറ്റ്വർക്ക് പ്രൊവൈഡറായ വൊഡാഫോൺ ഐഡിയയുടെ ഓഹരികളേറ്റെടുക്കാൻ ഒരുങ്ങി കേന്ദ്രസ‍ർക്കാർ. കമ്പനി തക‍ർച്ചയിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്രം ഓഹരിയേറ്റെടുക്കൽ നടപടിയിലേക്ക് നീങ്ങുന്നത്. 

സ്പെക്ട്രം ലേലത്തിലെ കുടിശ്ശികയായി കോടിക്കണക്കിന് രൂപയാണ് വൊഡാഫോൺ ഐഡിയ കേന്ദ്രസർക്കാരിന് നൽകാനുള്ളത്. കുടിശ്ശിക തീർക്കാനാവത്തത് കമ്പനിയെ ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരുന്നു. അവശ്യ സേവനങ്ങൾക്ക് പോലും ഫണ്ട് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വൊഡാഫോൺ ഐഡിയയുടെ സേവനങ്ങൾ തടസ്സപ്പെടുന്ന അവസ്ഥയുണ്ടാവുകയും ഉദ്യോ​ഗസ്ഥരുടേയും ജീവനക്കാരുടേയും രാജിതുടർക്കഥയാവുകയും ചെയ്തിരുന്നു. 

ഇങ്ങനെ കമ്പനി ഒരു തകർച്ചയിലേക്ക് നീങ്ങുന്നു എന്ന സ്ഥിതി വന്നതോടെയാണ് കേന്ദ്രസർക്കാർ രം​ഗത്തിറങ്ങിയത്. ടെലികോം മന്ത്രാലയത്തിന് നൽകാനുള്ള കുടിശ്ശികയ്ക്ക് തത്തുല്യമായി ഓഹരികൾ നൽകാനുള്ള കേന്ദ്രസർക്കാരിൻ്റെ നിർദേശം കഴിഞ്ഞ ദിവസം ചേർന്ന വോഡാഫോൺ ഐഡിയ ഡയറക്ടർ ബോർഡ് യോ​ഗം അം​ഗീകരിക്കുകയായിരുന്നു. 

ഇതോടെ വൊഡാഫോൺ ഐഡിയ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി സർക്കാർ മാറും. വൊഡാഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരികളാവും ഇനി കമ്പനി ഓഹരിയിലുണ്ടാവുക. കമ്പനിയുടെ 35.8 ശതമാനം ഓഹരികളാണ് കേന്ദ്രസർക്കാരിന് ലഭിക്കുക. ഇതോടെ കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി കേന്ദ്രസർക്കാർ മാറും.

രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്വ‍വർക്ക് കമ്പനിയെ കേന്ദ്രസർക്കാർ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഇനി കണ്ടറിയേണ്ടത്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ തുടരുമ്പോൾ എന്താണ് വൊഡാഫോണിനായി കേന്ദ്രത്തിൻ്റെ പദ്ധതിയെന്നറിയില്ല. ഭാവിയിൽ ഈ ഓഹരികൾ കേന്ദ്രം മറ്റേതെങ്കിലും കമ്പനിക്ക് വിൽക്കാനുള്ള സാധ്യതയും വിദ​ഗ്ദ്ധ‍ർ മുന്നിൽ കാണുന്നു. എന്തായാലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റൊഴിക്കുന്ന നയം സ്വീകരിച്ച കേന്ദ്രം ഒരു സ്വകാര്യ കമ്പനിയുടെ ഓഹരി വാങ്ങുന്ന അപൂ‍ർവ്വ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 

Follow Us:
Download App:
  • android
  • ios