ദില്ലി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിലവിലെ ജിഎസ്ടി നിരക്കുകള്‍ പരിഷ്കരിക്കാൻ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിലവിലെ ജിഎസ്ടി നിരക്കുകളിൽ കുത്തനെയുള്ള വര്‍ധനവിനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

അഞ്ച് ശതമാനമുള്ള ഉൽപ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 10 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. 12 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 18 ശതമാനമായി നികുതി വര്‍ധിപ്പിക്കാനുമാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. 5 ശതമാനം 12 ശതമാനം നികുതി സ്ലാബുകൾ ഇല്ലാതാക്കാനാണ് നിർദ്ദേശം.

കേന്ദ്ര നിർദ്ദേശം ജി എസ‌ ടി കൗൺസിൽ അംഗീകരിച്ചാൽ റെസ്റ്റോറന്റ് നിരക്കുകൾ ഉയരും. ലോട്ടറി, ഹോട്ടൽ മുറി, വിമാന യാത്ര, എസി ട്രെയിൻ യാത്ര, പാംഓയിൽ, ഒലീവ് ഓയിൽ, പിസ, ബ്രഡ്, സിൽക് നിരക്കുകൾ കൂടും. മൊബൈൽ ഫോണിനും വില കൂടും. 

ഇത് ഇന്നത്തെ ജിഎസ്ടി കൗൺസില്‍ യോഗം ചര്‍ച്ച ചെയ്യും. നികുതി വര്‍ധനവിലൂടെ ഒരു ലക്ഷം കോടി രൂപ അധിക വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. കൂടുതൽ വരുമാനം നേടി ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനാണ് ശ്രമം. നേരത്തെ 2019- 20 സാമ്പത്തിക വര്‍ഷം രാജ്യം 6.1 ശതമാനം വളര്‍ച്ച പ്രകടിപ്പിക്കുമെന്ന് പ്രവചിച്ചിരുന്ന റിസര്‍വ് ബാങ്ക്, ആ നിഗമനത്തില്‍ മാറ്റം വരുത്തി. പുതിയ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണ്.