കൊച്ചി: കൃഷിയിലൂടെ കേരളത്തിലെ കരിമീൻ ഉൽപാദനം കൂട്ടുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണം തേടി കേന്ദ്ര ഗവേഷണ സ്ഥാപനം. ഏറെ അനുകൂലമായ ഘടകങ്ങളുണ്ടായിട്ടും കൃഷിയിലൂടെയുള്ള കേരളത്തിലെ കരിമീൻ ഉൽപാദനം വളരെ പിന്നിലാണെന്ന് ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരു ജലകൃഷി ഗവേഷണ സ്ഥാപനം (ഐസിഎആർ-സിബ) ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം 10000 ടൺ വേണ്ടിടത്ത് കേവലം 2000 ടൺ മാത്രമാണ് സംസ്ഥാനത്ത് കരിമീൻ ഉൽപ്പാദനം. 

കിലോയ്ക്ക് ശരാശരി 500 രൂപയാണ് കരിമീനിന്റെ വില. വലിയതോതിൽ ആവശ്യക്കാരും ഈ മീനിനുണ്ട്. ഉൽപ്പാദനം വർധിപ്പിച്ചാൽ കരിമീൻ കർഷകർക്കും സംസ്ഥാനത്തിനും സാമ്പത്തിക നേട്ടം കൊയ്യാനാകുമെന്നും സിബയിലെ ഗവേഷകർ വിലയിരുത്തുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഓരുജലാശയങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് കേരളം. ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാറിന്റെ സഹകരണത്തോടെയുള്ള പദ്ധതികൾ കൂടുതൽ ഫലപ്രദമാകുമെന്ന് സിബ ഡയറക്ടർ ഡോ കെകെ വിജയൻ പറഞ്ഞു. കേരളത്തിലെ കരിമീൻ കർഷകർക്കായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിത്തുൽപാദനത്തിന് ഹാച്ചറി സംവിധാനങ്ങളും കൃത്രിമ തീറ്റ നിർമാണ കേന്ദ്രങ്ങളും ഒരുക്കൽ, കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കൽ തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ രൂപരേഖ തയ്യാറാക്കിയാൽ ശാസ്ത്ര സാങ്കേതിക സഹായം ലഭ്യമാക്കുമെന്ന് സിബ വ്യക്തമാക്കി. കരിമീനിൻറെ വിത്തുൽപാദന സാങ്കേതികവിദ്യയും തീറ്റയും സിബ നേരത്തെ വികസിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശാസ്ത്രീയ ഹാച്ചറി സംവിധാനങ്ങൾ കുറവാണ്. കർഷകർക്ക് ആവശ്യമായ അളവിൽ വിത്തുകൾ ലഭിക്കാത്തതാണ് കരിമീൻ കൃഷിയിൽ പുരോഗതി കൈവരിക്കാതിരിക്കാൻ കാരണം. കർഷകരുടെ ഏകോപനമില്ലായ്മയും ശാസ്ത്രീയകൃഷിരീതികൾ അവലംബിക്കാത്തതും സംസ്ഥാനത്തെ കരിമീൻ കൃഷിയെ ദോശകരമായി ബാധിക്കുന്നു. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ കൃഷിരീതികൾ ജനകീയമാക്കുകയാണ് വേണ്ടത്. ഇതിന് സർക്കാർ മേൽനോട്ടത്തിലുള്ള പങ്കാളിത്ത പദ്ധതികൾ ഗുണം ചെയ്യുമെന്നും വെബിനാർ അഭിപ്രായപ്പെട്ടു.

സെലക്ടീവ് ബ്രീഡിംഗ് സാങ്കേതികവിദ്യ വേണം നിലവിൽ, കരിമീനിന് 200 ഗ്രാം എങ്കിലും തൂക്കം ലഭിക്കുന്നതിന് ഒരു വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. വളർച്ചാനിരക്ക് കൂട്ടുന്നതിനായി കരിമീനിൻറെ സെലക്ടീവ് ബ്രീഡിംഗ് സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും സിബ ഡയറക്ടർ പറഞ്ഞു. ജനിതക ഘടന മെച്ചപ്പെടുത്തിയുള്ള ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും വേണ്ടിവരും. അഞ്ച് മുതൽ പത്ത് കോടി വരെ സാമ്പത്തിക ചിലവും ആവശ്യമായിവരും. ഇത് പൂർത്തീകരിക്കുന്നതിന് സർക്കാർ മേൽനോട്ടത്തിൽ സിബ, കുഫോസ്, ഫിഷറീസ് വകുപ്പ്, കർഷകർ എന്നിവരുടെ ഏകോപനം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ സെലക്ടീവ് ബ്രീഡിംഗ് വഴി വികസിപ്പിച്ചെടുത്ത, വേഗത്തിൽ വളരുന്ന ഗിഫ്റ്റ് തിലാപ്പിയ  കേരളത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയതോടെയാണ് അത് കർഷകർക്ക് കൂടുതൽ ലാഭകരമായി മാറിയത്. ഇതിന്റെ കൃഷികാലം കുറവും വളർച്ച് കൂടുതലുമായതിനാൽ തിലാപിയ കൃഷി ജനകീയമാകുകയായിരുന്നു. സിബയുടെ സാങ്കേതികസഹായത്തോടെ ആലപ്പുഴ ജില്ലയിൽ ഒരു കരിമീൻ ഹാച്ചറി പ്രവർത്തിക്കുന്നുണ്ട്. ഈ മാതൃക സംസ്ഥാന സർക്കാറിന്റെ മറ്റ് ഏജൻസികളുമായി ചേർന്ന് സംസ്ഥാനത്താകെ നടപ്പിലാക്കാനാകുമെന്നാണ് സിബയുടെ പ്രതീക്ഷ.