സര്‍ക്കാര്‍ ജീവനക്കാരന്‍ അവിവാഹിതനായോ, അല്ലെങ്കില്‍ പങ്കാളിയും മക്കളുമില്ലാതെയോ മരിക്കുമ്പോള്‍, ആശ്രിതരായ മാതാപിതാക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ പെന്‍ഷന്‍ ലഭിക്കുന്നതാണ്.

സര്‍ക്കാര്‍ ജീവനക്കാരായ മകനോ മകളോ മരണപ്പെട്ടാല്‍ ആശ്രിത പെന്‍ഷന്‍ വാങ്ങുന്ന മാതാപിതാക്കള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന്, ഇനി മുതല്‍ മരിച്ച ജീവനക്കാരന്റെ മാതാപിതാക്കള്‍ ഇരുവരും വര്‍ഷം തോറും 'ലൈഫ് സര്‍ട്ടിഫിക്കറ്റ്' സമര്‍പ്പിക്കണമെന്ന് പെന്‍ഷന്‍ & പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പ് അറിയിച്ചു.

എന്തുകൊണ്ട് ഈ മാറ്റം?

  • സര്‍ക്കാര്‍ ജീവനക്കാരന് പങ്കാളിയോ മക്കളോ ഇല്ലാത്ത സാഹചര്യത്തില്‍, മാതാപിതാക്കള്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കും.
  • മാതാപിതാക്കള്‍ ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍, ജീവനക്കാരന്റെ അവസാന ശമ്പളത്തിന്റെ 75% ആണ് പെന്‍ഷനായി ലഭിക്കുക.
  • ഒരൊറ്റ രക്ഷിതാവ് മാത്രമാണ് ജീവിച്ചിരിപ്പുള്ളതെങ്കില്‍, പെന്‍ഷന്‍ തുക 60% ആയി കുറയും.
  • നിലവില്‍, വര്‍ദ്ധിപ്പിച്ച നിരക്കായ 75% പെന്‍ഷന്‍ ലഭിക്കുന്നതിന് മാതാപിതാക്കള്‍ ഇരുവരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള വ്യവസ്ഥ നിയമങ്ങളില്‍ ഉണ്ടായിരുന്നില്ല. ഈ വ്യവസ്ഥ ഇല്ലാത്തതിനാല്‍, ഏതെങ്കിലും ഒരു രക്ഷിതാവ് മരണപ്പെട്ടാലും 75% എന്ന ഉയര്‍ന്ന നിരക്കിലുള്ള പെന്‍ഷന്‍ തുടര്‍ന്നും കൈപ്പറ്റുന്ന ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കാര്‍ നിയമം പരിഷ്‌കരിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരന്‍ അവിവാഹിതനായോ, അല്ലെങ്കില്‍ പങ്കാളിയും മക്കളുമില്ലാതെയോ മരിക്കുമ്പോള്‍, ആശ്രിതരായ മാതാപിതാക്കള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ പെന്‍ഷന്‍ ലഭിക്കുന്നതാണ്. ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവസാന ശമ്പളത്തിന്റെ 75% നിരക്കിലും, ഒരാള്‍ മാത്രമാണെങ്കില്‍ 60% നിരക്കിലും പെന്‍ഷന്‍ ലഭിക്കും. മാതാപിതാക്കള്‍ ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ 75% നിരക്കിലുള്ള പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിനായി, രക്ഷിതാക്കള്‍ ഇരുവരും ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തെറ്റായ പെന്‍ഷന്‍ വിതരണം ഒഴിവാക്കാനും രേഖകള്‍ കൃത്യമായി പരിപാലിക്കാനും വേണ്ടിയാണ് പുതിയ നിര്‍ദ്ദേശം. ഇതില്‍ ഒരാള്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ വന്നാല്‍, പങ്കാളി മരണപ്പെട്ടു എന്ന് കണക്കാക്കുകയും, തുടര്‍ന്ന് പെന്‍ഷന്‍ തുക 60% നിരക്കിലേക്ക് കുറയുകയും ചെയ്യും. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി എല്ലാ വര്‍ഷവും നവംബര്‍ 30 ആണ്. ഈ സമയപരിധി തെറ്റിക്കുന്നവരുടെ പെന്‍ഷന്‍ ഡിസംബര്‍ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് ശേഷം മാത്രമേ പെന്‍ഷന്‍ പുനഃസ്ഥാപിച്ച് ലഭിക്കുകയുള്ളൂ.