മികച്ച സ്കോറുണ്ടായിരുന്നെങ്കില്‍ 8.30 ശതമാനം മുതല്‍ പലിശക്ക് വായ്പ കിട്ടുന്നിടത്താണ് പത്ത് ശതമാനത്തിന് മുകളില്‍ പലിശ ഈടാക്കുന്നത്. അതായത് മികച്ച ക്രെഡിറ്റ് സ്കോറുണ്ടെങ്കില്‍ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് ചുരുക്കം.

റ്റ് നോറ്റ് വീട് പണിയാനൊരുങ്ങുന്നു, ഭവന വായ്പയെടുക്കുന്നതിന് ബാങ്കുകളെല്ലാം കയറിയിറങ്ങുന്നു, എല്ലാ ബാങ്കുകളും പറയുന്നത് ഉയര്‍ന്ന പലിശക്കണക്കുകള്‍. ഏതാണ്ട് 9 ശതമാനം പലിശയ്ക്ക് ഭവന വായ്പ കിട്ടുമെന്ന് പറയുന്നിടത്താണ് എല്ലാ ബാങ്കുകളും പത്ത് ശതമാനത്തില്‍ കൂടുതല്‍ പലിശ വേണമെന്ന് പറയുന്നത്. അന്വേഷിച്ചപ്പോഴാണ് മനസിലാകുന്നത് വില്ലന്‍ ക്രെഡിറ്റ് സ്കോറാണ്. മികച്ച സ്കോറുണ്ടായിരുന്നെങ്കില്‍ 8.30 ശതമാനം മുതല്‍ പലിശക്ക് വായ്പ കിട്ടുന്നിടത്താണ് പത്ത് ശതമാനത്തിന് മുകളില്‍ പലിശ ഈടാക്കുന്നത്. അതായത് മികച്ച ക്രെഡിറ്റ് സ്കോറുണ്ടെങ്കില്‍ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് ചുരുക്കം.

ഒരു ഉദാഹരണത്തിലൂടെ ഈ കണക്കുകള്‍ മനസിലാക്കാം. നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ 820 ആണെന്ന് കരുതുക. 50 ലക്ഷത്തിന്‍റെ ഭവനവായ്പക്ക് അപേക്ഷിച്ചുവെങ്കില്‍ 20 വര്‍ഷത്തേക്ക് 8.35 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും. ഇഎംഐ 42,918 രൂപയും. 20 വര്‍ഷം കൊണ്ട് ആകെ തിരിച്ചടയ്ക്കേണ്ടത് 1.03 കോടി രൂപ. ഇനി ക്രെഡിറ്റ് സ്കോര്‍ 580 ആണെന്ന് കരുതുക. അവര്‍ക്ക് ഈടാക്കുന്നത് 10.75 ശതമാനം പലിശയായിരിക്കും. 20 വര്‍ഷം കൊണ്ട് അടയ്ക്കേണ്ടി വരുക 1.21 കോടിയായിരിക്കും. ഇഎംഐ 50,761 രൂപയും. കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉള്ള വ്യക്തിക്ക് നഷ്ടമായത് 18.82 ലക്ഷം രൂപ.

നിലവില്‍ ക്രെഡിറ്റ് സ്കോര്‍ 730 ആണെന്ന് കരുതുക. ഏതെങ്കിലും ഇഎംഐ രണ്ട് തവണ മുടങ്ങിയെങ്കില്‍ ഇത് 680-700 ലേക്ക് താഴുമെന്ന് ഓര്‍ക്കുക.

ALSO READ: നിങ്ങളോട് ചോദിക്കാതെ നിങ്ങളുടെ ആധാർ ഉപയോഗിക്കാനാകില്ല; ലോക്ക് ചെയ്യാനുള്ള വഴികൾ ഇതാ

മികച്ച ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്താന്‍ നാല് വഴികളിതാ...

1. തിരിച്ചടവ് കൃത്യസമയത്ത്

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, വായ്പാ തിരിച്ചടവുകള്‍ എന്നിവ കൃത്യസമയത്ത് അടയ്ക്കുക. അതുവഴി നിങ്ങൾ കൃത്യസമയത്ത് പണമടയ്ക്കുന്ന ഉത്തരവാദിത്തമുള്ള കടം വാങ്ങുന്നയാളാണെന്ന് ധനകാര്യ സ്ഥാപനങ്ങൾക്ക് മനസിലാകുന്നു. അതിനാൽ, കൃത്യ സമയത്തുള്ള തിരിച്ചടവ് ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കും. വൈകിയുള്ള തിരിച്ചടവുകള്‍ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.

2. വായ്പാ ഉപഭോഗ അനുപാതം

നിങ്ങൾക്ക് 1,00,000 രൂപ ക്രെഡിറ്റ് ലിമിറ്റ് ഉള്ള ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് കരുതുക. അതിലെ 10,000 രൂപ വിനിയോഗിച്ചു. അതിനർത്ഥം നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം 10% ആണ്. ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന് നിങ്ങൾ 30 ശതമാനമോ അതിൽ കുറവോ ആയ ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തണം. ക്രെഡിറ്റ് വിനിയോഗ അനുപാതം കുറയുമ്പോൾ, അത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

3. ധാരാളം ലോൺ അപേക്ഷകൾ ഒഴിവാക്കുക:

ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം ലോണുകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ വേണ്ടി അപേക്ഷിക്കുന്നത് ഒഴിവാക്കണം. അത്തരം ശ്രമങ്ങൾ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.

4. ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുക. പിഴവുകൾ ഉടനടി തിരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കുറയുന്നത് തടയാൻ കഴിയും