ലോണ്‍ ക്ലോസ് ചെയ്യുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം

വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ ലോൺ എടുത്തവരാണോ? അല്ലെങ്കിൽ ഒരു വാഹനം സ്വന്തമാക്കുന്നതിനായി വായ്പ എടുത്തവരാണോ? സാധാരണയായി എല്ലാവരും വായ്പ എടുക്കുന്നതിനു മുൻപ് പലിശ നിരക്കും കാലാവധിയും തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ വായ്പ അവസാനിപ്പിക്കുമ്പോൾ അതായത്, ലോണ്‍ ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാറില്ല. ഇത് പിന്നീട് ഒരുപ്ക്ഷെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട്, ലോണ്‍ ക്ലോസ് ചെയ്യുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം

പിഴ/ ഫീസ്

പറഞ്ഞ കാലാവധിക്ക് മുൻപാണ് വായ്പ അടച്ചു തീർക്കുന്നതെങ്കിൽ പല ബാങ്കുകളും എൻബിഎഫ്‌സികളും പിഴയോ അല്ലെങ്കിൽ ഫീസോ ഈടാക്കാറുണ്ട്. എന്നാൽ ഭവന വായ്പയ്ക്ക് സാദാരണയായി പിഴ ഈടാക്കാറില്ല. എന്നാൽ വാഹന വായ്പകൾക്കും വ്യക്തിഗത വായ്പകൾക്കും സാധാരണയായി മുൻകൂർ പേയ്‌മെൻ്റ് പിഴ ഈടാക്കും, അത് ലോൺ അടച്ചു തീർക്കുന്നതിന് മുമ്പുള്ള കുടിശ്ശികയുടെ 1% മുതൽ 5% വരെയാകാം. അതിനാൽ മുക്കൂറായി വായ്പ അടച്ചുതീർക്കുന്നതിന് മുൻപ് ഫോർക്ലോഷർ ചാർജുകൾ പരിശോധിക്കുന്നത് നല്ലതാണ്.

എൻഒസി

എൻഒസി അഥവാ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നത് വായ്പയെ സംബന്ധിച്ച് കുടിശ്ശികകൾ തീർപ്പാക്കി എന്നതിനുള്ള തെളിവാണ്. അതായത്, അക്കൗണ്ടുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള വായ്പകളൊന്നുമില്ല, കടം കൊടുക്കുന്ന ആളും കടം വാങ്ങിയ ആളുമായുള്ള എല്ലാ ഇടപാടുകളും രേഖാപരമായി തീർപ്പാക്കിയതിനുള്ള തെളിവ്. അതുകൊണ്ട് ഭാവിയിൽ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നനങ്ങൾ ഉണ്ടാകാതിരിക്കാൻ എൻഒസി നേടുന്നത് പ്രധാനമാണ്. വായ്പക്കാരന്റെ പേര് വിലാസം, ലോൺ അക്കൗണ്ട് നമ്പർ, ഫോർ ക്ലോഷർ വിവരങ്ങൾ എന്നിവ പോലുള്ള എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം 

രേഖകൾ

ഭവന വായ്പ എടുക്കുമ്പോൾ സാധാരണയായി ബാങ്കുകൾക്ക് നിരവധി രേഖകൾ സമർപ്പിക്കേണ്ടതായി വരാറുണ്ട്. പ്രധാനമായും പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട രേഖകളായിരിക്കും. വിൽപ്പന കരാർ ടൈറ്റിൽ ഡീഡ്, സൊസൈറ്റിയിൽ നിന്നോ ബിൽഡറിൽ നിന്നോ ലഭിച്ച എൻഒസി, വിൽപ്പന കരാർ തുടങ്ങി നിരവധി കാര്യങ്ങൾ ബാങ്കിന് നൽകേണ്ടി വരും. എന്നാൽ ലോൺ അവസാനിപ്പിക്കുമ്പോ എല്ലാ സുപ്രധാന രേഖകളും തിരികെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. 

ലീൻ

ലീൻ അഥവാ കടക്കാരന് സ്വത്തു കൈവശം വയ്ക്കാനുള്ള അവകാശം നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ പ്രോപ്പർട്ടി വിൽക്കാൻ തടസം ഉണ്ടായേക്കും. ഭവനവായ്പ തിരിച്ചടച്ചതിന് ശേഷം, വസ്തുവിൻ്റെ മേലുള്ള ലീൻ നീക്കം ചെയ്യുന്നതിനായി ബാങ്ക് പ്രതിനിധിയുമായി രജിസ്ട്രാർ ഓഫീസ് സന്ദർശിക്കേണ്ടത് ആവശ്യമാണ്. ഇനി വാഹന വായ്പ ആണെങ്കിൽ , ഹൈപ്പോതെക്കേഷൻ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾ റീജിയണൽ ട്രാൻസ്ഫർ ഓഫീസിലേക്ക് പോകണം.

സിബിൽ സ്കോർ പരിശോധന

വായ്പ അടച്ചു തീർത്തുകഴിഞ്ഞാൽ സിബിൽ സ്കോർ പരിശോധിക്കുന്നത് നല്ലതാണ്. കാരണം കൃത്യമായുള്ള വായ്പ തിരിച്ചടവ് ഒരു വ്യക്തിയുടെ സിബിൽ സ്കോർ കൂട്ടും. ഈ തിരിച്ചടവ് വിവരങ്ങൾ ഡാറ്റാബേസിൽ പ്രതിഫലിപ്പിക്കേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തമാണ്. എന്നാൽ ബാങ്കുകൾ ഇത് വൈകിപ്പിച്ചേക്കാവുന്ന സന്ദർഭങ്ങളുണ്ട്, അതിൻ്റെ ഫലമായി എല്ലാ കുടിശ്ശികകളും തീർപ്പാക്കിയാലും വായ്പക്കാരൻ്റെ ക്രെഡിറ്റ് റിപ്പോർട്ടിൽ കുടിശിക കാണിച്ചേക്കാം ഇത് ക്രെഡിറ്റ് സ്കോർ കുറയ്ക്കാൻ കാരണമാകും. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ പുതിയ വായ്പ ലഭിക്കാനുള്ള സാധ്യത കുറക്കുകയും ചെയ്യും. 

വായ്പ മുൻകൂട്ടി അടയ്ക്കുന്നതായാലും, കാലാവധി കഴിഞ്ഞു അവസാനിപ്പിക്കുന്നതായാലും. ചുരുങ്ങിയത് ഇത്രയും കാര്യങ്ങൾ വായ്പ അവസാനിപ്പിക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം