ദില്ലി: രാജ്യത്തെ കൽക്കരി ബ്ലോക്കുകളെ ദശാബ്ദങ്ങൾ നീണ്ട ലോക്ക്ഡൗണിൽ നിന്ന് മോചിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 41 കൽക്കരി ബ്ലോക്കുകളെ വാണിജ്യാവശ്യത്തിനുള്ള ഖനനത്തിനായി ലേലം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധിയെ നേരിടാൻ സ്വകാര്യമേഖലയെ കൂട്ടുപിടിച്ച് വൻ സാമ്പത്തിക പരിഷ്കണനടപടികളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതിന്‍റെ ആദ്യഘട്ടമാണ് ഇന്ന് നടന്നത്.

രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന മുറവിളി ശക്തമാകുന്നതിന്‍റെ ഇടയിലാണിത്. 

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ കൽക്കരി നിക്ഷേപമാണ് ഇന്ത്യയിലേത്. ''ഇത് വാണിജ്യാവശ്യത്തിനുള്ള കൽക്കരി ഖനനത്തിന്‍റെ തുടക്കം മാത്രമല്ല, വർഷങ്ങൾ കൽക്കരി മേഖല അകപ്പെട്ട് കിടന്നിരുന്ന ലോക്ക്ഡൗണിൽ നിന്നുള്ള മോചനം കൂടിയാണ്'', എന്ന് മോദി വ്യക്തമാക്കി.

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ കൽക്കരി കയറ്റുമതി ദാതാവാക്കണമെന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ''ഇന്ത്യയിലെ ഊർജമേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന്‍റെ ഭാഗമായി വളരെ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഇന്ന് നടന്നത്. ഇന്ന് സ്വീകരിക്കപ്പെട്ടത് ചരിത്രനീക്കമാണ്. ഇത് ഈ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റാൻ പോന്നതാണ്'', എന്ന് പ്രധാനമന്ത്രി.

വിവിധ സംസ്ഥാനങ്ങൾക്ക് കൂടുതൽ വരുമാനവും തൊഴിലും നൽകുന്നതാണ് പുതിയ പദ്ധതിയെന്ന് മോദി വ്യക്തമാക്കി. ''ചരിത്രം മാറ്റിയെഴുതി സ്വയം പര്യാപ്തരാകേണ്ട സമയമാണിത്. സർക്കാർ പ്രധാനപ്പെട്ട തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. വാണിജ്യാവശ്യത്തിന് കൽക്കരി ബ്ലോക്കുകൾ തുറക്കുന്നത് സ്വകാര്യ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കും ഒരേപോലെ ഗുണകരമാണ്'', എന്ന് മോദി. 

ഇന്ത്യയിൽ വാണിജ്യരംഗം സാധാരണനിലയിലേക്ക് തിരികെ വരികയാണ്. കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരികെ വരികയാണ്. പുതിയ തുടക്കത്തിന് ഇതിലും നല്ല സമയമില്ല. ദശാബ്ദങ്ങളോളം രാജ്യത്തെ കൽക്കരി രംഗം നൂലാമാലകളിലായിരുന്നു. വിപണിയിലെ മത്സരത്തിൽ കൽക്കരി ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, സുതാര്യതയുമുണ്ടായിരുന്നില്ല. ഈ സ്ഥിതി മാറിയത് 2014-ന് ശേഷമാണെന്ന് മോദി.

കൊവിഡ് പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പാക്കേജിന് പകരം വൻ സാമ്പത്തിക പരിഷ്കാര നടപടികളാണ് ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉണ്ടായത്. കൽക്കരി മേഖലയിലെ സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കും. സ്വകാര്യമേഖലയെ കൊണ്ടുവന്ന വരുമാനം പങ്കിടും. 50,000
കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് മുടക്കിയാകും കൽക്കരി മേഖലയിലെ സ്വകാര്യവത്കരണം. 

50 കൽക്കരി ബ്ളോക്കുകൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്യും. 500 ധാതു ബ്ളോക്കുകൾ പര്യവേക്ഷണം, ഖനനം, ഉല്പാദനം എന്നിവക്ക് ഒന്നിച്ച് അനുവാദം നൽകി സ്വകാര്യ കമ്പനികൾക്ക് നൽകി. ധാതു- കൽക്കരി ബ്ളോക്കുകൾ ഒരേ വ്യവസായ ശാലക്ക് ഒന്നിച്ചെടുക്കാനുള്ള സൗകര്യം ഒരുക്കാനുമാണ് തീരുമാനം.