ദില്ലി: സാമ്പത്തിക രംഗത്ത് പ്രതിസന്ധിയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മോദി സര്‍ക്കാറിന് അഞ്ച് ഉപദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന രീതി മാറ്റി അടിയന്തരമായി സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ ഇടപെടണം, അല്ലെങ്കില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് മന്‍മോഹന്‍ സിംഗ് പറയുന്നു. ബിസിനസ് ലൈന് നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങളെ മന്‍മോഹന്‍ തുറന്ന് എതിര്‍ക്കുന്നത്. 

സാമ്പത്തിക രംഗത്തിന്‍റെ ഘടനമാറ്റുന്ന പരിഷ്കാരങ്ങള്‍ ആവശ്യമുള്ള സമയത്ത് സര്‍ക്കാര്‍ വെറുതെ സമയം പാഴാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം എന്ന യാഥാര്‍ത്ഥ്യം ഒളിപ്പിച്ചിട്ട് കാര്യമില്ല. എന്തെങ്കിലും താല്‍ക്കാലിക പ്രതിവിധികളോ, നോട്ട് നിരോധനം പോലുള്ള വന്‍ അബദ്ധങ്ങളോ ഇതിന് പരിഹാരമല്ല. 

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം അതിനായി സര്‍ക്കാര്‍ സഹായം നല്‍കണം. എന്നാല്‍ ഇതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ മന്‍മോഹന്‍ നിര്‍ദേശിക്കുന്നത് അഞ്ച് കാര്യങ്ങളാണ്.

1. കുറഞ്ഞകാലത്തേക്ക് വരുമാനം കുറയും, എങ്കിലും ജിഎസ്ടി നിരക്കുകള്‍ താഴ്ത്തി പുനക്രമീകരിക്കുക
2. ഗ്രാമീണ മേഖലയുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കണം, കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കണം
3. ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പണ ലഭ്യത സാധ്യമാക്കുക
4. ടെക്സ്റ്റെല്‍, ഓട്ടോ, ഇലക്ട്രോണിക്ക് രംഗങ്ങളില്‍ കൂടുതല്‍ വായിപ്പ ലഭ്യമാക്കുക
5. അമേരിക്കന്‍-ചൈന വ്യാപരയുദ്ധത്തിന്‍റെ വെളിച്ചത്തില്‍ പുതിയ കയറ്റുമതി മേഖലകള്‍ കണ്ടെത്തുക.

ഇപ്പോള്‍ രാജ്യത്ത് കാണുന്നത് തീര്‍ത്തും മനുഷ്യനിര്‍മ്മിത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ മന്‍മോഹന്‍, താന്‍ ധനമന്ത്രിയോ, പ്രധാനമന്ത്രിയോ ആയിരുന്ന സ്ഥിതിയല്ല ഇപ്പോള്‍ ഉള്ളതെന്ന് പറഞ്ഞു. രണ്ട് തവണ ഭൂരിപക്ഷം കിട്ടിയ സര്‍ക്കാറാണ് ഇപ്പോള്‍. 1991ലെയും, 2008 ലെയും പ്രതിസന്ധികള്‍ വിജയകരമായി ഇന്ത്യ കരകയറിയിട്ടുണ്ടെന്നും മന്‍മോഹന്‍ ഓര്‍പ്പിപ്പിച്ചു.