പാം ബീച്ച്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ ദുരിതത്തിലായത് ദശലക്ഷക്കണക്കിന് അമേരിക്കക്കാർ. 2.3 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജിൽ ഒപ്പുവയ്ക്കാൻ ട്രംപ് വിസമ്മതിച്ചതോടെയാണ് കൊവിഡ് മൂലം ജോലി നഷ്ടമായ ദശലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർ ദുരിതത്തിലായത്.

ജോലി നഷ്ടപ്പെട്ടവർക്ക് നൽകുന്ന സഹായധനത്തിന് വേണ്ടിയുള്ള 892 ബില്യൺ ഡോളറിന്റെ ധനസഹായവും സാധാരണ സർക്കാർ ചെലവായി 1.4 ലക്ഷം കോടി ഡോളറിന്റെ ബില്ലും ട്രംപ് മടക്കിയത് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പോലും അമ്പരപ്പിച്ചു. 

മാസങ്ങളോളം നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ഇക്കാര്യത്തിൽ ഒരു ധാരണയിലെത്തിയത്. ട്രംപ് ഒപ്പിടാതിരിക്കുന്നത് 14 ദശലക്ഷം തൊഴിൽ രഹിതർക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഇല്ലാതാക്കും.

നിക്ഷിപ്ത താത്പര്യക്കാർക്ക് സഹായകരമാകുന്നതാണ് പാക്കേജെന്നും സാംസ്കാരിക പദ്ധതികൾക്കും വിദേശ സഹായം നൽകാനും തുക നീക്കിവച്ചിരിക്കുന്നുവെന്നും ആരോപിച്ചാണ് പദ്ധതിയിൽ ഒപ്പിടാൻ വിസമ്മതിച്ചത്. 600 ഡോളർ തൊഴിൽ രഹിതർക്ക് നൽകുന്ന സഹായം 2000 ഡോളറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.