ദില്ലി: രാജ്യത്തെ നിയമങ്ങളെല്ലാം ഒന്നൊന്നായി പൊളിച്ചുപണിയുകയാണ് കേന്ദ്രസർക്കാർ.  തൊഴിൽ നിയമങ്ങളിൽ വരുത്തിയ വൻ നയമാറ്റത്തിന് പിന്നാലെ ഇപ്പോഴിതാ ദിവസം 12 മണിക്കൂർ ജോലി എന്ന പുതിയ നിയമവും അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്രം.

ഇതിന്റെ കരട് വിജ്ഞാപനം പുറത്തുവിട്ടു. നേരത്തെ ഉണ്ടായിരുന്ന ഒൻപത് മണിക്കൂർ ജോലിയിൽ നിന്ന് 12 മണിക്കൂർ ജോലി എന്നാണ് പുതിയ നിബന്ധന. ഒരു മണിക്കൂർ വിശ്രമം അടക്കമാണ് പുതിയ നിർദ്ദേശം. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്.

ഒരു ദിവസത്തെ പ്രവർത്തി സമയം 12 മണിക്കൂർ ദീർഘിപ്പിക്കാമെന്നാണ് നിബന്ധന. എന്നാലും ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ഒരു തൊഴിലാളിയെയും ജോലി ചെയ്യിപ്പിക്കരുതെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു. കരട് നിർദ്ദേശത്തിൽ പൊതുജനത്തിന് അഭിപ്രായം അറിയിക്കാൻ 45 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ആഴ്ചയിൽ ഓവർടൈം ജോലി ചെയ്യുന്നവർക്ക് അവരുടെ വേതനത്തിന്റെ ഇരട്ടി തുക പ്രതിഫലമായി നൽകണമെന്നും നിയമത്തിലുണ്ട്. ജനുവരിയിൽ പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.