തിരുവനന്തപുരം: എയർ ഇന്ത്യക്ക് പിന്നാലെ യുഎഇയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസും. എയർ ഇന്ത്യ നിശ്ചയിച്ച ടിക്കറ്റ് നിരക്കിന്റെ പാതി മാത്രമാണ് എമിറേറ്റ്സ് ഈടാക്കുന്നത്.

മറ്റന്നാൾ മുതലാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്കാണ് ആദ്യ സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്.  കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് 12000 രൂപയാണ് ടിക്കറ്റ് നിരക്ക്.

തുടക്കത്തില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. ബജറ്റ് എയര്‍ലൈനാണെങ്കിലും കനത്ത ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ദുബൈയിലേക്ക് ചുരുങ്ങിയത് 29,650 രൂപയും ഷാര്‍ജയിലേക്ക് വണ്‍വേ ടിക്കറ്റിന് 24,650 രൂപയും നൽകണം. 

ജോലിയില്‍ പെട്ടെന്ന് പ്രവേശിക്കേണ്ടവര്‍, കേരളത്തില്‍ കുടുങ്ങിയ ബന്ധുക്കള്‍ തുടങ്ങി അത്യാവശ്യമുള്ളവരാണ് ഇപ്പോള്‍ യുഎഇയിലേക്ക് പോകാന്‍ തിടുക്കപ്പെടുന്നത്. ഇവരെയാണ് ദേശീയ വിമാനക്കമ്പനി പിഴിയുന്നത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങള്‍ യുഎഇയിലേക്കുള്ള ഓഫ് സീസണാണ്. ആറായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് കഴിഞ്ഞ വര്‍ഷം ഇക്കാലത്ത് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്.

ഇതാണിപ്പോഴത്തെ പ്രത്യേക സാഹചര്യം മുതലെടുത്ത് നാലിരട്ടിയില്‍ അധികം വര്‍ധിപ്പിച്ചിരിക്കുന്നത്. അതാവശ്യ കാര്യങ്ങള്‍ക്ക് യുഎഇയിലേക്ക് മടങ്ങിപ്പോകാനാകാതെ ആശങ്കയിലായവര്‍ക്ക് ആശ്വാസമായാണ്  വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് വന്നത്. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങിയത്.