Asianet News MalayalamAsianet News Malayalam

Facebook | ഫേസ്ബുക്ക് ഇനി ഫീസ് ഈടാക്കും; വമ്പൻ മാറ്റത്തിന് കമ്പനി

 

ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാൻ തീരുമാനിച്ചു. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ് കമ്മീഷൻ ഈടാക്കുന്നത്

Facebook will now charge a fee from its customers Company for a big change
Author
UK, First Published Nov 6, 2021, 9:06 PM IST

ദില്ലി: ഫേസ്ബുക്ക് (Facebook) തങ്ങളുടെ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാൻ തീരുമാനിച്ചു. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ് കമ്മീഷൻ ഈടാക്കുന്നത്. രണ്ട് ശതമാനം കമ്മീഷനാണ് പ്രാഥമികമായി ഈടാക്കുകയെന്ന് ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത വർഷം തുടക്കം മുതൽ ഫീസ് ഈടാക്കാനാണ് തീരുമാനം. ഇന്ത്യയിലും ചെറുതും വലുതുമായ നിരവധി സെല്ലർമാർ തങ്ങളുടെ മാർക്കറ്റിങിന് വേണ്ടി ഫേസ്ബുക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. ഭാവിയിൽ ഈ കമ്മീഷൻ ഇന്ത്യയിലും നിലവിൽ വരുമോയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നിലവിൽ കച്ചവടക്കാർക്ക് സൗകര്യം സൗജന്യമായി ഉപയോഗിക്കാമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 2022 ജനുവരി വരെ മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ. യുകെയിൽ ഹെർമ്സ് എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ഈയിടെ ഫെയ്സ്ബുക് കരാറിലെത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സെല്ലർമാരിൽ നിന്ന് കമ്മീഷൻ ഈടാക്കുന്നത്.

ഉൽപ്പന്നത്തിന്റെ ഡെലിവറി ചാർജ് അടക്കമുള്ള വിലയിലാവും കമ്മീഷൻ ഈടാക്കുകയെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതെങ്ങിനെയാണ് കച്ചവടക്കാരെ ബാധിക്കുകയെന്ന് വരും നാളുകളിലേ മനസിലാവൂ.

മാതൃ കമ്പനിക്ക് ചരിത്ര പരമായ പേരുമാറ്റവും അടുത്തിടെ ഫേസ്ബുക്ക് നടത്തിയിരുന്നു. മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക് അറിയിക്കുകയായിരുന്നു. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു 

.കമ്പനിയുടെ മാർക്കറ്റ് പവർ, അൽഗരിതം തീരുമാനങ്ങൾ, അതിന്റെ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്കോ മറ്റ് ആപ്ലിക്കേഷൻ സേവനങ്ങളെയോ സംബന്ധിച്ച കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനം.

ഈ മാറ്റം തങ്ങളുടെ വ്യത്യസ്ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും ഒരു പുതിയ ബ്രാൻഡിന് കീഴിൽ കൊണ്ടുവരും. അതേസമയം അതിന്റെ കോർപ്പറേറ്റ് ഘടനയിൽ മാറ്റം വരുത്തില്ലെന്നും പ്രഖ്യാപന യോഗത്തിൽ സക്കർബർഗ് കൂട്ടിച്ചേർത്തിരുന്നു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി ഒരു പുതിയ ലോഗോയും അനാച്ഛാദനം ചെയ്തിട്ടുണ്ട്. തംബ് അപ്പ് ലോഗോയ്ക്ക് പകരം നീല ഇൻഫിനിറ്റി ഷേപ്പ് നൽകുന്ന മെറ്റ എന്നെഴുതിയതാണ് മാതൃകമ്പനിയുടെ പുതിയ ലോഗോ.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഡിസ്റ്റോപ്പിയൻ നോവലിൽ ആദ്യമായി ഉരുത്തിരിഞ്ഞതാണ് മെറ്റാവേഴ്സ് എന്ന പദം. വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് എത്തിപ്പെടൽ സാധ്യമാകുന്ന, പങ്കുവയ്ക്കപ്പെടുന്ന വെർച്വൽ പരിതസ്ഥിതി എന്ന ആശയത്തെയാണ് മെറ്റാവേഴ്സ് വിശാലമായി പ്രതിനിധീകരിക്കുന്നത്.

Follow Us:
Download App:
  • android
  • ios