തിരുവനന്തപുരം: സിനിമ ടിക്കറ്റില്‍ അധിക നികുതി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുന്ന കാര്യം നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിഷയത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍റെ സാന്നിധ്യത്തില്‍ സിനിമാ നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തോമസ് ഐസകിന്‍റെ പ്രതികരണം. നിലവിലുള്ള വിനോദനികുതി കൂടാതെ സിനിമ ടിക്കറ്റില്‍ അധികനികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നേരത്തെ ഒരു ദിവസം ഷൂട്ടിംഗ് അടക്കം നിര്‍ത്തിവച്ച് ചലച്ചിത്രസംഘടനകള്‍ സിനിമാബന്ദ് നടത്തിയിരുന്നു. 

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കെഎസ്എഫ്ഡിസിക്ക് പുതിയ സിനികള്‍ നിഷേധിച്ച നിര്‍മ്മാതാക്കളുടെ തീരുമാനത്തെ ചര്‍ച്ചയില്‍ ധനമന്ത്രി വിമര്‍ശിച്ചു. വിതരണക്കാര്‍ ഇനി വീണ്ടും സര്‍ക്കാര്‍ തീയേറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. 

വിനോദനികുതി കൂടാതെ അധിക നികുതി ഏര്‍പ്പെടുത്തിയ വിഷയം ചർച്ച ചെയ്യാം എന്ന സർക്കാർ നിലപാട് സ്വാഗതാർഹം നിർമാതാക്കൾ പ്രതികരിച്ചു. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. യുവാക്കളില്‍ ഒരു വിഭാഗം സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരുമായി പിന്നീട് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.രഞ്ജിത്ത് വ്യക്തമാക്കി.