Asianet News MalayalamAsianet News Malayalam

ഇന്ധന വില മൂന്നക്കം കടക്കുമെന്ന ആശങ്കയിൽ ജനം, വില വ൪ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി

ഇന്ധന വില മൂന്നക്കം കടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. അവശ്യസാധനങ്ങളുടെ വിലയിലും ഇത് പ്രതിഫലിച്ചു തുടങ്ങി. എന്നാൽ ഇന്ധന വില വർധനവിൽ വിട്ട് വീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം

fuel rate hike petroleum minister dharmendra pradhan
Author
Delhi, First Published Feb 13, 2021, 8:58 PM IST

ദില്ലി: രാജ്യത്തെ ഇന്ധന വില വ൪ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാൻ. കഴിഞ്ഞ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂടിയതെന്നും ഇറക്കുമതിയല്ലാതെ മറ്റ് മാ൪ഗമില്ലാത്തതിനാൽ വിലകൂട്ടുന്നത് അനിവാര്യമെന്നാണ് വാദം. കൊവിഡ് കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാൻ  മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ധന വില മൂന്നക്കം കടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. അവശ്യസാധനങ്ങളുടെ വിലയിലും ഇത് പ്രതിഫലിച്ചു തുടങ്ങി. എന്നാൽ ഇന്ധന വില വർധനവിൽ വിട്ട് വീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്രം. കൊവിഡ് കാലത്ത് എണ്ണ ഉത്പാദനവും വിൽപ്പനയും രാജ്യാന്തരതലത്തിൽ കുറഞ്ഞിരുന്നു. ഇപ്പോൾ വിൽപ്പന പഴയപടിയായി. എന്നാൽ  സ്വന്തം താൽപ്പര്യങ്ങൾ മാത്രം നോക്കുന്ന എണ്ണ ഉത്പാദക രാജ്യങ്ങൾ ആവശ്യത്തിന് അനുസരിച്ച് ഉത്പാദനം കൂട്ടുന്നില്ല. ഇതാണ് ഉയർന്ന വില ഈടാക്കുന്നതിന് പ്രധാന കാരണമെന്നാണ് മന്ത്രിയുടെ ന്യായീകരണം. 

കഴിഞ്ഞ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂട്ടിയത്. 20 ദിവസം വില കുറഞ്ഞു. മറ്റ് ദിവസങ്ങളിൽ വില സ്ഥിരത തുടർന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കൊവിഡ് വലിയ ചോ൪ച്ചയുണ്ടാക്കി. വികസന ആവശ്യങ്ങൾക്ക്  ഇന്ധന വിലയിലൂടെ ലഭിക്കുന്ന നികുതി വരുമാനം അത്യാവശ്യമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു. ഈ മാസം ഇത് വരെ തുടർച്ചയായ ആറാം ദിവസമാണ് ഇന്ധന വില കൂടുന്നത്. 

Follow Us:
Download App:
  • android
  • ios