14,18, 22 എന്നീ കാരറ്റുകളിലെ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രമാണ് വിൽക്കേണ്ടത്. കേരളത്തിൽ 22 കാരറ്റ് സ്വർണാഭരണങ്ങൾക്കാണ് ഏറെ പ്രിയമുള്ളത്.

കൊച്ചി: സ്വർണാഭരണങ്ങൾക്ക് ജൂലൈ ഒന്ന് മുതൽ നിർബന്ധമാക്കുന്ന യൂണിക് ഐഡന്റിഫിക്കേഷൻ (യുഐഡി) (തിരിച്ചറിയൽ കോഡ്) നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ പരിശ്രമത്തിനൊടുവിലാണ് ജൂൺ 16 മുതൽ രാജ്യത്തെ 256 ജില്ലകളിൽ മാത്രമായി ഹാൾമാർക്കിംഗ് നിർബന്ധമാക്കിയത്. 

450 ൽ പരം ജില്ലകളിൽ ഇപ്പോഴും ഹാൾമാർക്കിംഗ് നിർബന്ധമില്ല. ഒരു ഹാൾമാർക്കിംഗ് സെന്റർ എങ്കിലുമുള്ള ജില്ലയാണ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിന്റെ പരിധിയിൽ വരിക. 14,18, 22 എന്നീ കാരറ്റുകളിലെ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രമാണ് വിൽക്കേണ്ടത്. കേരളത്തിൽ 22 കാരറ്റ് സ്വർണാഭരണങ്ങൾക്കാണ് ഏറെ പ്രിയമുള്ളത്.

എന്നാൽ ഇതിനോടൊപ്പം സ്വർണാഭരണങ്ങൾക്ക് ആറ് അക്ക ആൽഫാ ന്യൂമറിക് കോഡ് -യുഐഡി (തിരിച്ചറിയൽ കോഡ്) ധൃതി പിടിച്ച് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അസോസിയേഷൻ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകുന്നത് വ്യവസായത്തെ അപകടകരമായി ബാധിക്കുമെന്നും അസോസിയേഷൻ പറയുന്നു.

ഇപ്പോൾ ആഭരണങ്ങളിൽ നാല് മുദ്രകളാണ് പതിക്കുന്നത്. യുഐഡിയിൽ മൂന്ന് മുദ്രകൾ മാത്രമാണ് പതിക്കുന്നത്. ബിഐഎസ് മുദ്ര, കാരറ്റ്, ആറ് അക്ക ആൽഫാ ന്യൂമറിക്ക് കോഡ് എന്നിവയാണ് അവ. സ്വർണാഭരണങ്ങളിൽ മുദ്ര പതിക്കുന്ന ആറ് അക്ക കോഡ് ബിഐഎസ് വെബ്സൈറ്റിൽ സേർച്ച് ചെയ്താൽ, പ്രസ്തുത ആഭരണത്തിന്റെ ഫോട്ടോ, തൂക്കം, വാങ്ങിയ ജ്വല്ലറി ഷോപ്പ്, നിർമ്മാതാവ്, ഹാൾമാർക്കിംഗ് സെന്റർ എന്നീ വിവരങ്ങൾ ഉപഭോക്താവിന് അറിയാൻ കഴിയും.

ഇങ്ങനെ യുഐഡി മുദ്ര പതിച്ചു നൽകുന്നതിന് വ്യാപാരികളോ, ഹാൾമാർക്കിംഗ് സെന്ററുകളോ ഇതുവരെ സജ്ജരായിട്ടില്ല. ഇപ്പോൾ 35 രൂപയും നികുതിയും നൽകിയാണ് ഓരോ സ്വർണാഭരണത്തിലും ഹാൾമാർക്ക് ചെയ്തു നൽകുന്നത്. ജൂലൈ ഒന്ന് മുതൽ യുഐഡി കൂടി നടപ്പാക്കിയാൽ എത്ര രൂപയാണ് ഫീസ് മറ്റ് ചെലവുകൾ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ അറിയിപ്പു വന്നിട്ടില്ല. 4,000 ഓളം സ്വർണ വ്യാപാരികൾ മാത്രമാണ് ബിഐഎസ് ലൈസൻസ് എടുത്തിട്ടുള്ളത്. ബാക്കിയുള്ള ജ്വല്ലറികൾക്ക് ലൈസൻസ് എടുക്കാനുള്ള സാവകാശമനുവദിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona